റെയില്‍വേ സര്‍വീസുകളില്‍ ഗുണ്ടായിസം പതിവാകുന്നു : ട്രാന്‍സ്പോര്‍ട് ഗാര്‍ഡ യൂണിറ്റ് വേണമെന്ന് ഡബ്ലിന്‍ ടി.ഡി

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ റെയില്‍വേ സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് നേരെ അക്രമങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരനെ ഇടയ്ക് വെച്ച് ലുവാസില്‍ നിലത്തിട്ട് കാലുകൊണ്ട് ചവിട്ടി പരുക്കേല്‍പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊതു ഗതാഗതത്തിനു ഒരു സേന യൂണിറ്റ് വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ഗതാഗത മേഖലയില്‍ മാത്രമായി ഒരു സേനയെ നിയമിക്കണമെന്ന് ഡബ്ലിന്‍ ഫിയാന ഫാള്‍ ടി ഡി ആവശ്യപ്പെട്ടു.

കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ യാത്രക്കാര്‍ രാജ്യത്തെ ഗതാഗത സംവിധാനത്തില്‍ വന്‍തോതില്‍ സാമൂഹ്യവിരുദ്ധ ശല്യം നേരിടുകയാണെന്നും ടി.ഡി സഭയില്‍ പറഞ്ഞു. പിടിച്ചുപറിക്കാരും, ഗുണ്ടകളും ബസിലും, ട്രെയിനിലും യാത്രക്കാരെ അപായപ്പെടുത്തുകയാണ്. നിലവിലെ സുരക്ഷാ മാര്‍ഗങ്ങളൊന്നും ഫലവത്താകാത്ത സാഹചര്യത്തില്‍ ഒരു ഗാര്‍ഡ യൂണിറ്റ് തന്നെ വേണമെന്നാണ് ആവശ്യം. യാത്രക്കിടയില്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ അറിയിച്ചു നിരവധി പരാതികളാണ് റയില്‍വേയ്ക്ക് ലഭിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷാ കണക്കിലെടുത്ത് ഒരു ടെക്സ്റ്റ് അലേര്‍ട്ട് സംവിധാനം ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും റയില്‍വേ അറിയിച്ചിരുന്നു. റെയില്‍വേ സുരക്ഷാ വിഭാഗം ഇത്തരം അക്രമങ്ങളില്‍ പലപ്പോഴും ശരിയായ നടപടിയും എടുക്കാറില്ല. ഐറിഷുകാര്‍ക്ക് മാത്രമല്ല ഡബ്ലിനില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഈ പ്രശ്‌നം നേരിടേണ്ടി വരുന്നുണ്ട്. കഴിഞ്ഞ മാസം ഒരു ഇന്ത്യക്കാരനും കുടുംബത്തിനും നേരെ ട്രെയിനില്‍ വെച്ചുണ്ടായ വംശീയ അധിക്ഷേപം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

സംഭവം അറിഞ്ഞു എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ അധിക്ഷേപം നടത്തിയ ആള്‍ക്കെതിരെ നടപടി എടുത്തില്ലെന്ന് കൂടെയുണ്ടായിരുന്ന യാത്രക്കാരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒറ്റപ്പെട്ട സ്റ്റേഷനുകളില്‍ യാത്രക്കാര്‍ ഒട്ടും സുരക്ഷിതരുമല്ല. ഇത്തരം സംഭവങ്ങള്‍ ദിനം പ്രതി ബസുകളിലും, ട്രെയിനിലും നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡബ്ലിന്‍ ടി ഡി ഒരു ഗതാഗതസേന വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

Share this news

Leave a Reply

%d bloggers like this: