റവന്യു വകുപ്പിന്റെ പേരില്‍ വരുന്ന ഇ-മെയിലുകള്‍ വ്യാജം. നൂറ്റമ്പതോളം പേര്‍ തട്ടിപ്പിനിരയായി

റവന്യൂ വകുപ്പിന്റെ പേരില്‍ തട്ടിപ്പ് സജീവം. നികുതി റീഫണ്ട് ചെയ്തിരിക്കുന്നു എന്ന അറിയിപ്പുമായി വരുന്ന ടെക്സ്റ്റ് മെസേജുകളും, ഇ-മെയിലുകളും വ്യാജമാണെന്ന അറിയിപ്പ് നല്‍കിയിരിക്കുകയാണ് റവന്യൂ കമ്മീഷ്ണര്‍. സന്ദേശങ്ങള്‍ തുറന്നാല്‍ ഇതിനോടൊപ്പം വ്യക്തി വിവരങ്ങള്‍ അടങ്ങിയ ഒരു പേജ് വരും. ഇതില്‍ പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ക്കൊപ്പം ബാങ്ക് അകൗണ്ട്, ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും ചോദിക്കുന്നുണ്ട്. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞ് സബ്മിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുന്നതോടെ ഇത് തട്ടിപ്പുകാര്‍ നിര്‍മ്മിച്ചിരിക്കുന്ന ഡേറ്റ ബേസിലെത്തുകയും ചെയ്യും.

നൂറ്റമ്പതോളം പേര്‍ അയര്‍ലണ്ടില്‍ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ അകൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായും തിരിച്ചറിഞ്ഞു. റവന്യൂ വകുപ്പിന്റെ പേരില്‍ ഇതിനു മുന്‍പും നിരവധി പേര്‍ തട്ടിപ്പിനിരകളായി മാറിയിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ അറിയിച്ചുകൊണ്ട് വ്യക്തി വിവരങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശിക്കാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ മാത്രമാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവുന്നത്.

സന്ദേശ രൂപത്തില്‍ ഓരോ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിവരങ്ങള്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ അന്വേഷണം നടത്താതെ ഒരിക്കലും വിവരങ്ങള്‍ നല്‍കരുത് എന്ന് മുന്നറിയിപ്പുണ്ട്. ബാങ്കിന്റെ പേരിലും, മറ്റു വകുപ്പുകളുടെ പേരിലുമാണ് ഇപ്പോള്‍ തട്ടിപ്പ് സജീവമായിരിക്കുന്നത്. തട്ടിപ്പിനിരയായവര്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് തങ്ങള്‍ ഇത്തരത്തിലുള്ള സന്ദേശം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റവന്യൂ കമ്മീഷ്ണര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. സൈബര്‍ ഭീകരര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മറയാക്കി തട്ടിപ്പ് നടത്തുന്നത് പതിവാക്കിയ സാഹചര്യത്തില്‍ വ്യക്തികള്‍ക്ക് വരുന്ന സന്ദേശങ്ങള്‍ കൃത്യമായി പരിശോധനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: