രോഗിയുടെ കാലില്‍ ട്രേ വച്ച നഴ്‌സിനെ അതു പോലെ ശിക്ഷിച്ച് ഡോക്ടര്‍; കോട്ടയം മെഡിക്കല്‍ കോളജില്‍ സമരം

രോഗിയുടെ ദേഹത്ത് ട്രേ വച്ചതിന് നഴ്‌സിനെ കട്ടിലില്‍ കിടത്തി കാലില്‍ അതേ ട്രേ വച്ചു ഡോക്ടറുടെ ശിക്ഷ. കോട്ടയം മെഡിക്കല്‍ കോളജ് ശസ്ത്രക്രിയ വകുപ്പു മേധാവി ഡോ. ജോണ്‍ എസ്. കുര്യനാണ് നഴ്‌സിനെ ശിക്ഷിച്ചത്. സംഭവത്തില്‍ പഠനം കഴിഞ്ഞ് പരിശീലനത്തിനായി മെഡിക്കല്‍ കോളജില്‍ എത്തിയ നഴ്‌സ് പരാതി നല്‍കി. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചു. കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ. ശോഭയുടെ അധ്യക്ഷതയിലുളള കമ്മിഷനാണ് അന്വേഷണ ചുമതല. അതേസമയം, ഡോക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ചു മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ ഇന്നു രാവിലെ പണിമുടക്കിനു ആഹ്വാനം ചെയ്തിട്ടുണ്ട്. നഴ്‌സുമാര്‍ അംഗങ്ങളായ എല്ലാ സംഘടനകളും ഇന്നു പണിമുടക്കും.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ തീവ്രപരിചരണ വിഭാഗത്തില്‍ വിവാദ സംഭവം അരങ്ങേറിയത്. രോഗികളെ പരിശോധിക്കാനെത്തിയ ഡോ. ജോണ്‍ എസ്. കുര്യന്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗിയുടെ കിടക്കയില്‍ നഴ്‌സുമാര്‍ ഉപയോഗിക്കുന്ന ട്രേ കണ്ടതോടെയാണ് സംഭവത്തിന്റെ തുടക്കം. മരുന്നുകള്‍, രക്തത്തിലെ പഞ്ചസാര അളക്കുന്ന ഉപകരണം എന്നിവ സഹിതമാണ് ട്രേ കട്ടിലില്‍ രോഗിയുടെ കാലിന്റെ ഭാഗത്ത് വച്ചിരുന്നത്. തുടര്‍ന്ന് ട്രേ മറന്നു വച്ച നഴ്‌സിനെ ഡോക്ടര്‍ വിളിച്ചു വരുത്തുകയും, ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നും പറഞ്ഞു ശാസിക്കുകയും, തീവ്രപരിചരണ വിഭാഗത്തിലെ ഒഴിഞ്ഞു കിടക്കുന്ന കിടക്കയില്‍ കാലില്‍ ഇതേ ട്രേയുമായി കിടക്കാന്‍ നഴ്‌സിനോടു നിര്‍ദേശിക്കുകയുമായിരുന്നു.

എന്നാല്‍ അത്യാവശ്യമായി മറ്റൊരു രോഗിയെ പരിചരിക്കാനായി പോകേണ്ടി വന്നപ്പോള്‍ നഴ്‌സ് ട്രേ മറന്നുപോയതാണെന്നാണ് കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ഹെന ദേവദാസ് പറയുന്നു. ഭാരം കുറഞ്ഞ സാധനങ്ങളാണു ട്രേയില്‍ ഉണ്ടായിരുന്നത്. ക്ഷമ ചോദിച്ചിട്ടും കരഞ്ഞു പറഞ്ഞിട്ടും ഡോക്ടര്‍ വഴങ്ങിയില്ലെന്നും റൗണ്ട്‌സ് കഴിയുന്നതുവരെ കട്ടിലില്‍ കിടത്തിയെന്നും അവര്‍ പറയുന്നു.

പാന്‍ക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാന്‍ പോലും കഴിയാത്ത കിടന്നിരുന്ന രോഗിയോട് നഴ്‌സ് ചെയ്തത് ഗുരുതരമായ തെറ്റാണെന്നു ഡോ. ജോണ്‍ എസ്. കുര്യന്‍ പറയുന്നു. അരകിലോ ഭാരമുള്ള രണ്ടു ട്രേകള്‍ ഒന്ന് കാലിലും മറ്റൊന്ന് തുടയിലുമായി നഴ്‌സ് വച്ചത്. രോഗി നേരിട്ട ബുദ്ധിമുട്ടും വിഷമവും നഴ്‌സ് കൂടി മനസ്സിലാക്കാനാണ് മൂന്നു മിനിറ്റ് ശിക്ഷിച്ചതെന്നും ഡോ. ജോണ്‍ പറയുന്നു. ചെയ്തതു തെറ്റാണെങ്കില്‍ നഴ്‌സിനോടു ക്ഷമ ചോദിക്കാന്‍ തയാറാണെന്നും ഡോക്ടര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: