രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്: ഡോളറിനെതിരേ 70 പിന്നിട്ടു

ഡോളറിനെതിരായ വ്യാപാരത്തില്‍ ഇന്ത്യന്‍ രൂപയുടെ മുല്യത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ഇടിവിന് ശേഷം 69.76 രൂപയില്‍ നിന്നും 33 പൈസ ഇടിഞ്ഞ രുപയുടെ മുല്യം ഇപ്പോള്‍ 1 ഡോളറിന് 70.07 രൂപയാണ്. ചരിത്രത്തിലാദ്യമായാണ് രൂപയുടെ മൂല്യം ഒരു ഡോളറിന് 70 പിന്നിട്ടുന്നത്. തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉടലെടുത്ത ആഗോള ഇടിവാണ് രൂപയെ പ്രതികൂലമായി ബാധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. തുര്‍ക്കിയിലെ സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ്ഘടനയെ ബാധിക്കുമോയെന്ന ആശങ്കയും മുന്നാം ലോക രാജ്യങ്ങളിലെ കറസികള്‍ക്ക് തിരിച്ചടിയായെന്നും ചൂണ്ടിക്കാട്ടുന്നു.

തുര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യം തിങ്കളാഴ്ച എട്ടുശതമാനമാണ് ഇടിഞ്ഞത്. രാവിലെ 69.84ല്‍ വ്യാപാരം തുടങ്ങിയശേഷം 69.75ലേയ്ക്ക് ഉയര്‍ന്നെങ്കിലും മൂല്യം വീണ്ടും താഴെപ്പോവുകയായിരുന്നു. മുല്യം ഇടിയുന്നതോടെ വര്‍ധിക്കുന്ന ഇറക്കുമതിച്ചിലവ് രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂടാന്‍ ഇടയാക്കിയേക്കും. അതേസമയം മൂല്യം 70 കടന്നതോടെ റിസര്‍വ്വ് ബാങ്ക് ആശ്വാസ നടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ട്. കരുതല്‍ ശേഖരത്തിലുള്ള ഡോളര്‍ വിറ്റൊഴിച്ചും രൂപയുടെ മൂല്യം ഉയര്‍ത്താനുള്ള ശ്രമമായിരിക്കും ആര്‍ബിഐ സ്വീകരിക്കുക.

2013 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തുര്‍ക്കിഷ് കറന്‍സിയായ ലിറയുടെ ഇടിവിനെതുടര്‍ന്നാണ് ഇന്നലെ മുതല്‍ വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം കുറയുന്നത്. രൂപയുടെ മൂല്യം 71ലേക്കു കടക്കുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തമാകുന്നതും എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതും രൂപയുടെ മൂല്യമിടിവിന്റെ ശക്തി കൂട്ടുന്നുണ്ട്.

തുടര്‍ച്ചയായ ഇടിവുകളോടെ രൂപ ഏഷ്യയിലും ഏറ്റവും ദുര്‍ബലമായ കറന്‍സികളുടെ പട്ടികയിലാണ്. ഏഴു ശതമാനത്തിനും മുകളിലാണ് ഈ വര്‍ഷത്തെ ഇടിവ്. തുര്‍ക്കിക്കുമേല്‍ പ്രത്യേക താരിഫുകള്‍ ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനമാണു ലിറയുടെ മൂല്യമിടിക്കാന്‍ കാരണം. അതേസമയം ഓഹരി വിപണിയില്‍ ഇന്നു തിരിച്ചുവരവിന്റെ ലക്ഷണങ്ങളാണുള്ളത്. സെന്‍സെക്‌സ് 150 പോയിന്റും നിഫ്റ്റി 50 പോയിന്റും നേട്ടത്തിലാണു വ്യാപാരം നടത്തുന്നത്.

അതേസമയം നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ രൂപയുടെ മൂല്യം ഡോളറിനെതിരേ 40 രൂപയിലെത്തുമെന്ന ആത്മീയ നേതാവ് രവിശങ്കറിന്റെ പഴയ ട്വീറ്റുമായി സോഷ്യല്‍ മീഡിയ. 2014 മാര്‍ച്ചിലാണ് രവിശങ്കര്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന ഇന്ത്യയുടെ ഭാവി സാമ്പത്തിക നിലയെ കുറിച്ചുള്ള പ്രവചനം നടത്തിയത്.

എന്നാല്‍ നാലു വര്‍ഷത്തിനു ശേഷം രുപയുടെ മൂല്യം ഡോളറിനെതിരേ ചരിത്രത്തിലെ താഴ്ന്ന നിലയിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങള്‍ രവിശങ്കറിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയിട്ടുള്ളത്. മോദിയുടെ സാമ്പത്തിക നില ഭദ്രമാക്കല്‍ വല്ലാത്ത വല്ലാത്ത ചെയ്ത്തായിപ്പോയെന്നും, സ്വാമിജിയുടെ പ്രവചനം അച്ചട്ടായെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: