രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും…

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കെപിസിസി രംഗത്ത്. ഇക്കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സംസ്ഥാന നേതൃത്വം അറിയിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംയുക്തമായാണ് ആവശ്യം ദേശീയ നേതൃത്വത്തിന് മുന്നില്‍ വച്ചത്. തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷനാണെന്നും കെപിസിസി അറിയിച്ചിട്ടുണ്ട്.

വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ കടുത്ത എതിര്‍പ്പ് ദേശീയ നേതൃത്വത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ വന്ന പട്ടികയിലും വയനാടും വടകരയും ഉള്‍പ്പെട്ടിട്ടില്ല. ഇതിനിടെയാണ് രാഹുല്‍ തന്നെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകണമെന്ന റിവേഴ്‌സ് ഫോര്‍മുലയുമായി കെപിസിസി രംഗത്തെത്തിയിരിക്കുന്നത്.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ ആകെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ടി.സിദ്ദിഖിനോട് ഇക്കാര്യം പറഞ്ഞുവെന്നും അദ്ദേഹം സന്തോഷത്തോടെ കോണ്‍ഗ്രസ് അധ്യക്ഷനായി വഴിമാറാന്‍ തയാറാണെന്ന് അറിയിച്ചുവെന്നും ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.

നേരത്തെ കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു നേരത്തേ കര്‍ണ്ണാടകയില്‍ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുല്‍ കര്‍ണ്ണാടകയില്‍ നിന്ന് ജനവിധി തേടിയാല്‍ കോണ്‍ഗ്രസ് സംവിധാനം പ്രതിസന്ധികളില്‍ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്റെ നിര്‍ദ്ദേശം. ഇതിന് പിന്നാലെ വയനാട്ടില്‍ തട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍ ചര്‍ച്ചകള്‍ക്കിടെ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ‘രാഹുല്‍ജിക്ക് വയനാട് മത്സരിച്ചുകൂടേ?’ എന്ന് പകുതി തമാശയായും പകുതി കാര്യമായും ചോദിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അമേഠിയെക്കൂടാതെ കേരളത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും ശക്തിയുള്ള മണ്ഡലമായ വയനാട്ടില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ കേരളത്തിലും കര്‍ണ്ണാടകത്തിലും കൂടുതല്‍ സീറ്റുകളില്‍ ജയിച്ചുകയറാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തെക്കേ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടിയാലേ ലോക്സഭയില്‍ പ്രതീക്ഷിക്കുന്ന സംഖ്യയിലേക്ക് കോണ്‍ഗ്രസിന് എത്താനാകൂ എന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് കെപിസിസി നേതൃത്വം വീണ്ടും രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: