രാഹുല്‍ ഗാന്ധിയാണ്, പറയൂ ആരെ മുഖ്യമന്ത്രിയാക്കണം; ജനങ്ങളുടെ അഭിപ്രായം തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍

രാഹുല്‍ ഗാന്ധിയാണ്, പറയൂ ആരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തിസ്ഗഢിലെയും ജനങ്ങള്‍ വളരെ അത്ഭുതത്തോടെയായിരുന്നു ഇന്നലെ മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഈ ഫോണ്‍ സന്ദേശത്തെ സ്വീകരിച്ചത്. അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധിയുടെ ഈ ഫോണ്‍ സന്ദേശം ലഭിച്ചപ്പോള്‍ പലരും എന്ത് ചെയ്യണം എന്നറിയാതെ അമ്പരന്നു. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ച സംസ്ഥാനങ്ങളില്‍ ആരായിരിക്കണം മുഖ്യമന്ത്രി എന്ന ജനങ്ങളുടെയും പാര്‍ട്ടിയുടെ അടിത്തട്ടിലെ പ്രവര്‍ത്തകരുടെ അഭിപ്രായം അറിയാനായിരുന്നു രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ ഒരു കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ കോള്‍ പദ്ധതി ആവിഷ്‌കരിച്ചത്.

ഛത്തിസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 2.4 ലക്ഷത്തോളം ആളുകള്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ ഈ സന്ദേശം ലഭിച്ചത്. ജനങ്ങള്‍ക്ക് അയച്ച ഓഡിയോ സന്ദേശത്തില്‍ പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നുണ്ട്. അതിനുശേഷമാണ് ആരായിരിക്കണം മുഖ്യമന്ത്രി എന്ന ചോദ്യം രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. ഒരാളുടെ പേര് മാത്രം പറയണം എന്നും സന്ദേശത്തില്‍ നിര്‍ദേശം ഉണ്ടായിരുന്നു.

തങ്ങളുടെ മറുപടി പുറത്ത് അറിയുമോ എന്ന ജനങ്ങളുടെ ആശങ്കയ്ക്കും സന്ദേശത്തില്‍ ഉത്തരമുണ്ട്. പറയുന്ന മറുപടി വളരെ രഹസ്യമായിരിക്കും എന്നും ഞാന്‍ മാത്രമാണ് ഇത് അറിയുക എന്നുമാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിയിലെ ആരും ഇക്കാര്യം അറിയില്ല. ബീപ്പ് ശബ്ദത്തിന് ശേഷം ഉത്തരം പറയണം എന്നും രാഹുല്‍ ഗാന്ധി പറയുന്നു. ജനങ്ങള്‍ നല്‍കിയ മറുപടി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിന് രാഹുല്‍ ഗാന്ധിക്ക് സഹായകമായി എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: