രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ട്വിറ്റര്‍

കാലിഫോര്‍ണിയ: ട്വിറ്റര്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നവംബര്‍ 22 മുതല്‍ ട്വിറ്ററിലെ രാഷ്ട്രീയ പരസ്യനിരോധനം പ്രാബല്യത്തില്‍ വരും. യു.കെയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനുമുന്‍പുതന്നെ ട്വിറ്റര്‍ പുതിയ നയം നടപ്പിലാക്കിത്തുടങ്ങും. എന്നാല്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിന്റെ നടപടി.

ഇതോടെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഫേസ്ബുക്കിലും സമ്മര്‍ദ്ദം ഏറുകയാണ്. രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയ പ്രചാരണം നടത്തുന്നവര്‍ക്കും അവര്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിനുമേല്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാവുമെന്ന് കഴിഞ്ഞമാസം ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ സന്ദേശങ്ങള്‍ക്ക് പണം നല്‍കി പിന്തുണ വാങ്ങുകയല്ല, നേടുകയാണ് വേണ്ടതെന്ന് ജാക്ക് ഡോഴ്‌സി ട്വിറ്ററില്‍ കുറിച്ചു.

തീരുമാനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നവംബര്‍ 15ന് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന തീരുമാനം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. മെഷീന്‍ ലേണിംഗ് അധിഷ്ഠിത സന്ദേശമയയ്ക്കലിന്റെയും, മൈക്രോ ടാര്‍ഗെറ്റിംഗിന്റെയും, വ്യാജമോ കൃത്രിമമോ ആയ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായി തെറ്റായ വിവരങ്ങള്‍കൊണ്ട് ഓണ്‍ലൈന്‍ രംഗമാകെ മലിനമായിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: