രാഷ്ട്രീയ പക്ഷപാതിത്വം ആരോപിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് യുഎസ് പുറത്തേക്ക്

യുഎന്‍: രാഷ്ട്രീയ പക്ഷപാതിത്വം ആരോപിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് യുഎസ് പുറത്തുപോകുന്നു. രാഷ്ട്രീയ പക്ഷപാതിത്വം നിറഞ്ഞ ചെളിക്കുണ്ടാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ എന്ന ആരോപണമുയര്‍ത്തിയാണ് യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ കൗണ്‍സില്‍ അംഗത്വം ഉപേക്ഷിക്കാനുള്ള തീരുമാനം അറിയിച്ചത്. കാപട്യവും സ്വയംസേവനവും ഉള്ള സമിതി മനുഷ്യാവകാശങ്ങളെ അപഹസിക്കുന്നതാണെന്നും നിക്കി ഹാലെ കുറ്റപ്പെടുത്തി. യുഎന്‍ അംഗരാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരങ്ങളുണ്ടാക്കാനും വേണ്ടി 2006ല്‍ ജനീവ ആസ്ഥാനമാക്കി രൂപീകരിക്കപ്പെട്ടതാണ് മനുഷ്യാവകാശ കൗണ്‍സില്‍.

യുഎസില്‍ നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളില്‍ യുഎന്‍ വിമര്‍ശനം ഉന്നയിച്ചതാണ് യുഎസിനെ ചൊടിപ്പിച്ചത്. അതേ സമയം അമേരിക്കയുടെ നീക്കം ലോകമെമ്പാടും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തി പരിഹരിക്കാനായി മനുഷ്യാവകാശ സംഘടന നടത്തുന്ന പവര്‍ത്തനങ്ങളെ പിന്നോട്ടടിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് യുഎന്‍ മനുഷ്യവകാശ കൗണ്‍സില്‍ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം നിക്കി ഹാലെ അറിയിച്ചത്. മനുഷ്യവകാശ സംരംക്ഷണത്തിന് വളരെ ദുര്‍ബലമാണ് നിലവിലെ കൗണ്‍സില്‍ എന്നും നിക്കി കുറ്റപ്പെടുത്തി.

അതേ സമയം യുഎസ് മനുഷ്യാവകാശ കമ്മീഷന്‍ അംഗത്വത്തില്‍ തുടരുന്നതാണ് കൂടുതല്‍ ഹിതകരമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ വക്താവ് പ്രസ്താവിച്ചു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നുള്ള യുഎസിന്റെ പിന്മാറ്റം ദൗര്‍ഭാഗ്യകരമെന്നാണ് കമ്മീഷണര്‍ സെയ്ദ് റആദ് അല്‍ ഹുസൈന്‍ വിശേഷിപ്പിച്ചത്. അതേസമയം അമേരിക്കയുടെ തീരുമാനത്തെ ഇസ്രായേല്‍ അഭിനന്ദിച്ചു. യുഎസ് -മെക്സിക്കല്‍ അതിര്‍ത്തിയില്‍ എത്തുന്ന കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളെ തടയുന്ന ട്രമ്പ് ഭരണകൂടത്തിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന വിമര്‍ശനം ഉയരുന്നതിനിടയിലാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: