രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ പുരസ്‌കാരം നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

കുടുംബസമേതമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായി മോഹന്‍ലാല്‍ എത്തിയത്. പുരസ്‌കാര മുദ്രയും രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രേംനസീറിനു ശേഷം മലയാള സിനിമയില്‍നിന്നും പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായ താരം കൂടിയാണ് മോഹന്‍ലാല്‍. ഭാരതരത്‌നം, പത്മവിഭൂഷണ്‍ എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ എറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷണ്‍.

ഇത്തവണ മോഹന്‍ലാല്‍ അടക്കം ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍, പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍, സിതാര്‍ വാദകനായ ബുധാദിത്യ മുഖര്‍ജി തുടങ്ങി പതിനാലു പേര്‍ക്കാണ് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്.

56 പേരാണ് പത്മ പുരസ്‌കാരം ഏറ്റുവാങ്ങിയത്. പുരസ്‌കാര വിതരണ ചടങ്ങില്‍ അഞ്ചാമനായാണ് മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയത്. പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് കേരള ഹൗസില്‍ സ്വീകരണമൊരുക്കും. മോഹന്‍ലാലിന് പുറമെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവര്‍ക്കാണ് സ്വീകരണം.

ഡികെ

Share this news

Leave a Reply

%d bloggers like this: