രാധിക തിലകിന്റെ സംസ്‌കാരം ഇന്ന്

 

കൊച്ചി: അന്തരിച്ച പ്രശസ്ത പിന്നണി ഗായിക രാധിക തിലക് (45) ന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും. പനമ്പള്ളി നഗറിലെ ആര്‍വിന്‍ റോസ് ഡെയ്ല്‍ അപ്പാര്‍ട്ട്‌മെന്റില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സിനിമാ, സംഗീത, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 8.15 ഓടെയായിരുന്നു രാധികയുടെ മരണം സംഭവിച്ചത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഒന്നര വര്‍ഷമായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പറവൂര്‍ ചേന്ദമംഗലം പി.ജെ. തിലകന്‍ വര്‍മയുടെയും പരേതയായ ഗിരിജാദേവിയുടെയും മകളാണ്. ബിസിനസുകാരനായ സുരേഷ് കൃഷ്ണയാണ് ഭര്‍ത്താവ്. മകള്‍ ദേവിക നിയമ വിദ്യാര്‍ഥിനിയാണ്. പിന്നണി ഗായിക സുജാത, ഗായകന്‍ ജി.വേണുഗോപാല്‍ തുടങ്ങിയവര്‍ ബന്ധുക്കളാണ്.

Share this news

Leave a Reply

%d bloggers like this: