രാജ്യമെമ്പാടും മിഷണറീസ് ഓഫ് ചാരിറ്റി കേന്ദ്രങ്ങളില്‍ പരിശോധന; അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്ന് മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: മദര്‍ തരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ രാജ്യമെമ്പാടുമുള്ള അഭയകേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഉത്തരവ്. ഈ കേന്ദ്രങ്ങളില്‍ നിന്ന് കുട്ടികളെ അനധികൃതമായി ദത്തുനല്‍കുന്നുവെന്ന പരാതികളെത്തുടര്‍ന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ കേന്ദ്രങ്ങള്‍ ദത്തു നല്‍കല്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുമുണ്ട്.

മിഷണറീസ് ഓഫ് ചാരിറ്റിയുടെ ജാര്‍ഖണ്ഡ് കേന്ദ്രത്തില്‍ നിന്ന് നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിട്ടത്. ദത്തെടുക്കല്‍ നിയമാവലികളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയതിനെത്തുടര്‍ന്ന് മിഷണറീസ് ഓഫ് ചാരിറ്റി അവരുടെ അനാഥമന്ദിരങ്ങളില്‍ ദത്തെടുക്കല്‍ നിര്‍ത്തിവെച്ചിരുന്നു.പുതുക്കിയ നിയമാവലി പ്രാബല്യത്തില്‍ വന്നതു മുതല്‍ക്ക് സംഘടന ദത്തെടുക്കല്‍ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കുകയും ശേഷിക്കുന്ന കുട്ടികളെ രാജ്യത്തെ മറ്റ് രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ദമ്പതികള്‍ക്ക് മാത്രമല്ല ഒറ്റ രക്ഷിതാവിനും കുട്ടികളെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ദത്തെടുക്കാന്‍ അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നയത്തില്‍ പ്രതിഷേധിച്ചായിരുന്നു സംഘടനയുടെ ഈ തീരുമാനം. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. ഈ നിലപാട് സ്വീകരിച്ചതിലൂടെ മതേതര അജന്‍ഡയ്ക്കു കീഴില്‍ വരാന്‍ മിഷണറീസ് ഓഫ് ചാരിറ്റി വിസമ്മതിച്ചിരിക്കുകയാണെന്നായിരുന്നു കേന്ദ്ര ശിശുക്ഷേമമന്ത്രി മേനക ഗാന്ധി ആരോപിച്ചത്.

ഇതിനിടെയാണ് നവജാത ശിശുക്കളെ വില്‍പന നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡ് കേന്ദ്രത്തില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. യു.പി. സ്വദേശികളായ ദമ്പതിമാര്‍ക്ക് നവജാതശിശുവിനെ വിറ്റെന്നാരോപിച്ചായിരുന്നു ഇത്. എന്നാല്‍ മിഷണറീസ് ഓഫ് ചാരിറ്റിയെ അപകീര്‍ത്തിപ്പെടുത്താനും അതിലെ കന്യാസ്ത്രീകളെ ഇരകളാക്കാനും ബി.ജെ.പി. ശ്രമിക്കുന്നുവെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: