രാജ്യത്ത് ഗോവധം നിരോധിച്ചു; പശുക്കളെ വില്‍ക്കുന്നത് ഇനി ക്ഷീരകര്‍ഷക്ക് മാത്രം

ഗോവധനിരോധനം രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വളഞ്ഞ വഴി. ഇനി മുതല്‍ കശാപ്പിനായി പശുക്കളെ വില്‍ക്കാന്‍ പാടില്ലെന്നും മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍, കാര്‍ഷിക വൃത്തിയുടെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് മാത്രമേ പശുക്കളെ കൈമാറ്റം ചെയ്യാന്‍ പാടുള്ളൂ എന്നുള്ള പുതിയ നിയമം കേന്ദ്രം ഇന്നലെ കൊണ്ടുവന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന 1960-ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് നിയമത്തില്‍ പ്രത്യേക വകുപ്പ് ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം വിജ്ഞാപനം ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച അന്തരിച്ച മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവെ പുതിയ നിയമത്തിന് അനുമതി നല്‍കിയിരുന്നു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പശു സംരക്ഷണത്തിന്റെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്ന സമയത്തു തന്നെയാണ് പുതിയ നിയമം കൊണ്ടുവരുന്നത് എന്നതും ശ്രദ്ധേയമാണ്. ഗോവധം നിരോധനം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കേരളം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് പശുക്കളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം നിരോധിക്കാത്തത്.

പുതിയതായി ഉള്‍പ്പെടുത്തിയ വകുപ്പ് അനുസരിച്ച് പശുക്കളെ കൊണ്ടു പോകുന്നത് കാര്‍ഷിക വൃത്തിയുടെ ഭാഗമായാണെന്നും കശാപ്പ് ചെയ്യാനല്ലെന്നും ഇനി മുതല്‍ രേഖാമൂലം എഴുതി നല്‍കണം. അതിനൊപ്പം, ഒരിക്കല്‍ കൈമാറ്റം ചെയ്തു കഴിഞ്ഞാല്‍ ആറു മാസത്തിനുള്ളില്‍ പശുക്കളെ വീണ്ടും വില്‍ക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

തങ്ങള്‍ ‘കാര്‍ഷികവൃത്തി’ ചെയ്യുന്നവരാണെന്ന് രേഖാമൂലം തെളിയിക്കുന്നവര്‍ക്ക് മാത്രമേ പശുക്കളെ കൈമാറ്റം ചെയ്യാന്‍ പാടുള്ളൂ. പശുക്കുട്ടികള്‍, ആരോഗ്യമില്ലാത്തവ തുടങ്ങിയവയെ കൈമാറ്റം ചെയ്യാന്‍ പാടില്ല.

അതോടൊപ്പം, മൃഗങ്ങളെ വില്‍ക്കുന്നതിനുള്ള ചന്തകള്‍ അന്താരാഷ്ട്ര അതിര്‍ത്തിയുടെ 50 കിലോ മീറ്ററിനുള്ളിലും സംസ്ഥാന അതിര്‍ത്തികളുടെ 25 കിലോ മീറ്ററിനുള്ളിലും പാടില്ലെന്നും പരിസ്ഥിതിതി മന്ത്രാലയം പുറത്തിറക്കിയ എട്ടു പേജു വരുന്ന പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന് പുറത്തേക്ക് മൃഗങ്ങളെ കൊണ്ടു പോകണമെങ്കില്‍ ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക പ്രതിനിധിയുടെ അനുമതിയും ആവശ്യമാണ്.

മൃഗങ്ങളെ വില്‍ക്കുന്ന ചന്തകള്‍ ഇനി മുതല്‍ ഒരു മജിസ്ട്രേറ്റും സര്‍ക്കാര്‍ അംഗീകൃത മൃഗസംരക്ഷണ സംഘത്തിലെ രണ്ടു പ്രതിനിധികളും ഉള്‍പ്പെട്ട ജില്ലാ മൃഗ വ്യാപാര കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിയമത്തില്‍ പറയുന്നു. പുതിയ നിയമം വന്നതോടെ മൃഗങ്ങളെ വില്‍ക്കുന്ന ആഴ്ച ചന്തകള്‍ വ്യാപകമായുള്ള രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വ്യാപാരികളും കഷ്ടത്തിലാകും. അടുത്തുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ ആകര്‍ഷിക്കുന്നതിന് ഇവിടങ്ങളിലെ ചന്തകള്‍ ഭൂരിഭാഗവും സംസ്ഥാന അതിര്‍ത്തികളിലാണ് സ്ഥിതി ചെയ്യുന്നത്.

പശുക്കളെ വില്‍ക്കുന്നവരും വാങ്ങുന്നവരും തങ്ങളുടെ തിരിച്ചറിയല്‍ രേഖകളും അതോടൊപ്പം തങ്ങള്‍ കാര്‍ഷിക വൃത്തിക്കായാണ് പശുക്കളെ വാങ്ങുന്നതെന്നും തെളിയിക്കുന്ന രേഖകള്‍ പ്രത്യേക കമ്മിറ്റി മുമ്പാകെ ഹാജരാക്കണം. പശുക്കളെ വാങ്ങിയ ശേഷം ഇതിന്റെ അഞ്ചു പകര്‍പ്പുകള്‍ പ്രാദേശിക റവന്യൂ ഓഫീസ്, വാങ്ങുന്നയാളുടെ ജില്ലയിലുള്ള പ്രാദേശിക മൃഗ ഡോക്ടര്‍, മൃഗ വ്യാപാര കമ്മിറ്റി എന്നിവര്‍ക്ക് ഹാജരാക്കുകയും ഓരോ കോപ്പി വാങ്ങുന്നവരും വില്‍ക്കുന്നവരും സൂക്ഷിക്കുകയും വേണം.

പശുക്കളെ വാഹനത്തില്‍ കയറ്റുന്നതും ഇറക്കുന്നതുമൊക്കെ ഇനി മുതല്‍ വെറ്ററിനറി ഇന്‍സ്പെകടറുടെ സാന്നിധ്യത്തില്‍ മാത്രമേ പാടുള്ളൂ എന്നും നിയമം പറയുന്നു. ഇതോടെ പുതിയൊരു തലത്തിലുള്ള ഇന്‍സ്പെക്ടര്‍ രാജിനു കൂടി തുടക്കം കുറിച്ചിരിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കാരണം മൃഗങ്ങള്‍ വില്‍പ്പനയ്ക്ക് പറ്റിയതാണോ അല്ലെയോ എന്ന് ഈ ഉദ്യോഗസ്ഥനു സാക്ഷ്യപ്പെടുത്താന്‍ അധികാരം നല്‍കിയിരിക്കുകയാണ് പുതിയ നിയമം.

അതോടൊപ്പം, ഗോസംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പശുക്കളെ സംരക്ഷിക്കുന്നതിനുള്ള ചെലവും ഇനി മുതല്‍ ഉടമസ്ഥന്‍ നല്‍കണമെന്ന നിയമവും കേന്ദ്രം കൊണ്ടുവന്നിട്ടുണ്ട്. ഗോശാലകളിലെത്തിക്കുന്ന പശുക്കള്‍ പലതും പട്ടിണി കിടന്നും രോഗം പിടിച്ചും ചാകുന്നുവെന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പുതിയ നിയമം എന്നാണ് കരുതുന്നത്. ഈ ചെലവ് നല്‍കാന്‍ ഉടമസ്ഥാന്‍ തയാറായില്ലെങ്കില്‍ ഭൂമി കരത്തിനൊപ്പം ഈ ചെലവും ഉള്‍പ്പെടുത്താനും വ്യവസ്ഥയുണ്ട്. വരുന്ന മൂന്നു മാസത്തിനുള്ളില്‍ പുതിയ നിയമം നടപ്പാക്കാനാണ് തീരുമാനം. കാലക്കച്ചവടക്കാര്‍ക്ക് രേഖകള്‍ തയാറാക്കുന്നതിനും മറ്റും സമയം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ സമയമെന്നാണ് കേന്ദ്രം പറയുന്നത്.

രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കന്നുകാലി കശാപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെട്ടതാണ്. നിരോധന വിജ്ഞാപനവുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയത് കേന്ദ്രസര്‍ക്കാരിന്റെ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനാണെന്ന് കൃഷിമന്ത്രി മന്ത്രി. വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു.

പുതിയ വിജ്ഞാപനം രാജ്യത്തെ പൗരന്‍മാരുടെ ഭക്ഷണ അവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമാണ്. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും മന്ത്രി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിഗുഡമായ ഗൂഡാലോചനയുടെ ഫലമാണ് വിജ്ഞാപനം. ഇത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എ എം

Share this news

Leave a Reply

%d bloggers like this: