രാജ്യത്തെ ബിരുദ കോഴ്സുകള്‍ നാല് വര്‍ഷമാക്കാന്‍ ആലോചന

ന്യൂഡല്‍ഹി: രാജ്യത്തെ ബിരുദ കോഴ്സുകള്‍ നാലുവര്‍ഷമാക്കാനുള്ള വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നതായി ദേശീയ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

എന്‍ജിനീയറിങ് പോലുള്ള പ്രഫഷണല്‍ ഡിഗ്രികള്‍ക്ക് നാല് വര്‍ഷം ദൈര്‍ഘ്യമാണുള്ളത്. അതുകൊണ്ട് തന്നെ പാഠങ്ങള്‍ക്ക് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ പ്രാഗത്ഭ്യം നേടുന്നുണ്ടെന്നാണ് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് മറ്റ് ബിരുദ കോഴ്സുകളും നാലുവര്‍ഷം ദൈര്‍ഘ്യമുള്ളതാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നത്.

2013-ല്‍ ഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സ് നാല് വര്‍ഷമായി ഉയര്‍ത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീടുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കപ്പെടണമെന്നായിരുന്നു മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനി നിലപാടെടുത്തത്.

ബിരുദ കോഴ്സുകളുടെ ദൈര്‍ഘ്യം ഉയര്‍ത്തുന്നത് സംബന്ധിച്ച് നയം രൂപീകരിക്കുന്നതിനായി കെ.കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള എട്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം 31ന് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് സംബന്ധിച്ച് അന്തിമ തീരുമാനം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: