രാജ്യത്തെ ഞെട്ടിച്ച കത്വ പീഡന കേസ് : ശിക്ഷ വിധി ഇന്ന് ഉച്ച കഴിഞ്ഞ്

പത്താന്‍കോട്ട് : ജമ്മു കശ്മീരിലെ കത്വായില്‍ എട്ട് വയസ്സുകാരിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പത്താന്‍കോട്ട് സെഷന്‍സ് കോടതി വിധി ഇന്ന്. ആറ് പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഒരാളെ വെറുതേ വിടുകയും ചെയ്തു. 2018 ജനുവരി 10 ന് ആയിരുന്നു പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് ജനുവരി 17 ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജമ്മു കശ്മീരില്‍ ആയിരുന്നു കേസിന്റെ വിചാരണ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആവശ്യം പരിഗണിച്ച് സുപ്രീം കോടതി വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റുകയായിരുന്നു. പത്താന്‍കോട്ട് കോടതിയില്‍ കഴിഞ്ഞ ജൂണ്‍ 3 ന് ആയിരുന്നു വിചാരണ അവസാനിച്ചത്.

ഒന്നാം പ്രതി സഞ്ജി റാം, പര്‍വേഷ് കുമാര്‍, പോലീസ് ഉദ്യേഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ, ആനന്ദ് ദത്ത, തിലക് രാജ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സഞ്ജിറാമിന്റെ മകന്‍ വിശാല്‍ ഗംഗോത്രിയെ കോടതി കുറ്റവിമുക്തനാക്കി. പ്രതികളില്‍ നാലുപേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. ജമ്മു കശ്മീരിലെ രസന ഗ്രാമത്തില്‍ ആയിരുന്നു സംഭവം നടന്നത്. 13 ബ്രാഹ്മണ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഇവിടേക്ക് ബക്കര്‍വാള്‍ എന്നറിയപ്പെടുന്ന ഇരുപതോളം നാടോടി മുസ്ലീം കുടുംബങ്ങള്‍ എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മുസ്ലീം കുടുംബങ്ങളെ അവിടെ നിന്ന് ആട്ടിയോടിക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നിരുന്നു. അതിന്റെ ഒടുവിലത്തെ ഇരയായിരുന്നു ആ എട്ട് വയസ്സുകാരി പെണ്‍കുട്ടി.

നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്നാണ് പോലീസ് ഭാഷ്യം. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. സജ്ഞി റാമിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്. സജ്ഞി റാമിന്റെ മകനാണ് വിശാല്‍, പ്രായപൂര്‍ത്തിയെത്താത്ത മരുമകന്‍ , സുഹൃത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കേസാദ്യം അന്വേഷിച്ച എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നെന്നാണ് കുറ്റപത്രത്തിലെ ആരോപണം.

രാജ്യത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസിലെ രഹസ്യവിചാരണ അവസാനിച്ച സാഹചര്യത്തിലാണ് ഒന്നരവര്‍ഷത്തിന് ശേഷം കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തുന്നത്. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്. 275 തവണ ഹിയറിങ് നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജമ്മു കാശ്മീര്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെ സജ്ഞിറാമിനെയും മകനെയും പൊലീസ് ഉദ്യോഗസ്ഥരെയും കേസില്‍ പെടുത്തിയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

ജനുവരി 10 ന് ആയിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ജനുവരി 15 ന് പെണ്‍കുട്ടിയെ കൊന്നുകളയാന്‍ സഞ്ജിറാം നിര്‍ദ്ദേശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി ഏഴ് ദിവസങ്ങളാണ് ആ പെണ്‍കുട്ടി അതി ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് ഇരയായത്. ആവശ്യത്തിന് ഭക്ഷണം പോലും നല്‍കിയിരുന്നില്ല. ഉറക്കമുണരുമ്പോഴെല്ലാം മരുന്ന് നല്‍കി പിന്നേയും മയക്കികിടത്തി.

എന്നാല്‍ ഏവരേയും ഞെട്ടിച്ച ചില സംഭവങ്ങളും പിന്നീട് അരങ്ങേറി. ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ ബിജെപി അംഗങ്ങളായ ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് എന്നിവര്‍ കേസിലെ പ്രതികളെ അനുകൂലിച്ച് രംഗത്തെത്തി. പ്രതികള്‍ക്ക് വേണ്ടി വലിയ പ്രകടനങ്ങള്‍ പോലും സംഘടിപ്പിക്കപ്പെട്ടു. ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സഖ്യ സര്‍ക്കാര്‍ പിരിയുന്നതിലേക്ക് പോലും ഒടുവില്‍ ഈ സംഭവങ്ങള്‍ നയിച്ചു.

Share this news

Leave a Reply

%d bloggers like this: