രാജ്യം കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക വരള്‍ച്ച; മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍ ഏജന്‍സികള്‍…

ഡബ്ലിന്‍: അയര്‍ലന്‍ഡ് കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന് മുന്നറിയിപ്പ്. നാഷണല്‍ ട്രഷറി മാനേജ്‌മെന്റ് ഏജന്‍സിയാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യം വന്‍ കടബാധ്യത നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ദേശീയ ധനകാര്യ മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ അയര്‍ലന്‍ഡിന് 205 ബില്യണ്‍ യൂറോയാണ് കടബാധ്യതയായി ഉള്ളത്. ഇത് മുന്‍ വര്‍ഷത്തെ സാമ്പത്തികമാന്ദ്യ കാലത്തുള്ളതിനേക്കാളും നാലിരട്ടി കൂടുതലാണ്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് വലിയൊരു വെല്ലുവിളി തന്നെയായിരിക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ വളരെയധികം കരുതിയിരിക്കേണ്ട ഒരു സാഹചര്യത്തിലേക്കാണ് അയര്‍ലന്‍ഡ് എത്തിച്ചേര്‍ന്നിരിക്കുന്നത്. മുന്‍ ആഴ്ചകളില്‍ പുറത്തുവന്ന സാമ്പത്തിക അവലോകനത്തില്‍, രാജ്യത്ത് സാമ്പത്തിക മേഖലയില്‍ കടുത്ത വെല്ലുവിളികള്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും പബ്ലിക് അകൗണ്ട് കമ്മറ്റിക്ക് മുന്‍പില്‍ നാഷണല്‍ ട്രെഷറി മാനേജ്മെന്റ് നിരത്തിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒരു പ്രതിസന്ധി ഉറപ്പിക്കാമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

2008-ല്‍ ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയപ്പോള്‍ അതിനെ അതിജീവിച്ച ഇന്ത്യയിലും, ഓസ്ട്രേലിയയിലും നിലവിലെ സാമ്പത്തിക സാഹചര്യം അത്ര ശുഭകരമല്ലെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. അതായത് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം നിലവില്‍ കടുപ്പമേറി വരുന്നുണ്ട്. ലോക രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര യുദ്ധങ്ങള്‍ ഈ രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യത്തിലുള്ള എല്ലാ സാധ്യതകളും തുറന്നിട്ടുകഴിഞ്ഞു. അയര്‍ലണ്ടിനെയും കാത്തിരിക്കുന്നത് ഇത്തരമൊരു പ്രതിസന്ധി തന്നെയാണെന്നാണ് ഐറിഷ് നാഷണല്‍ ട്രഷറി മാനേജ്‌മെന്റ് ഏജന്‍സിയുടെ അദ്ധ്യക്ഷന്‍ കോണര്‍ ഓ കെല്ലിയുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.

ഐറിഷ് ധനകാര്യ വകുപ്പിന്റെ മുന്‍ കണക്കുകള്‍ പ്രകാരം തൊഴില്‍രഹിത നിരക്ക് കുറഞ്ഞതും വിദേശ നിക്ഷേപം വര്‍ധിച്ചതും അയര്‍ലണ്ടില്‍ മാന്ദ്യത്തിനുള്ള സാധ്യത കുറക്കുമെന്നായിരുന്നു. എന്നാല്‍ ഇതുകൊണ്ട് മാത്രം രാജ്യം പ്രതിസന്ധിയില്‍ നിന്നും കരകയറില്ലെന്നാണ് ട്രഷറി മാനേജ്മെന്റിന്റെ റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ബ്രെക്‌സിറ്റ് കൂടി നടപ്പാകുന്നതോടെ അയര്‍ലണ്ടിനുമേല്‍ പ്രതിസന്ധി വര്‍ധിക്കാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: