രാജ്യം കണ്ണുംനട്ടിരിക്കുന്ന വിശ്വാസവോട്ടെടുപ്പ് ഇന്ന്; വിട്ടുപോയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടാരത്തില്‍ മടങ്ങിയെത്തിയതായി റിപ്പോര്‍ട്ട്

കര്‍ണാടകയില്‍ യെഡിയൂരപ്പ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന് നാലുമണിക്ക്. 12 എംഎല്‍എ മാരെ മാറ്റി നിര്‍ത്തുകയോ രാജി വയ്പിക്കുകയോ ചെയ്യുകയാണ് വോട്ടെടുപ്പ് ജയിക്കാന്‍ ബി ജെ പി ക്ക് മുന്നിലുള്ള വഴി .പ്രതിപക്ഷത്തെ ലിംഗായത്ത് എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിക്കാനാണ് കരുനീക്കം . ആദ്യം എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും. അതിനു ശേഷം നാലുമണിയോടെയാണ് വിശ്വാസവോട്ടെടുപ്പ്. വിശ്വാസ വോട്ടടെയുപ്പിന് ശേഷമാകും അന്തിമവിധിയെന്ന് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ രാഷ്ട്രീയകളിയില്‍ ബിജെപിക്കും ഗവര്‍ണര്‍ക്കും കനത്ത തിരിച്ചടിയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസിന് ആശ്വാസം. കോണ്‍ഗ്രസ് ക്യാംപില്‍ നിന്ന് വിട്ടുപോയ എം.എല്‍.എമാര്‍ മടങ്ങിയെത്തിയതായി സൂചന. ആനന്ദ്‌സിങ്ങും പ്രതാപ് പാട്ടീലുമാണ് ക്യാംപില്‍ നിന്ന് വിട്ടുനിന്നിരുന്നത്. കോണ്‍ഗ്രസ് -ജെഡിഎസ് എം.എല്‍.എമാര്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലെത്തി അതേസമയം, കര്‍ണാടകയില്‍ യഡിയൂരപ്പയ്ക്ക് പിഴച്ചാല്‍ ദക്ഷിണേന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുന്ന നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അത് കനത്ത തിരിച്ചടിയാകും. അധികാരത്തിനുവേണ്ടി ഏതറ്റവും പോകുമെന്ന ചീത്തപ്പേരും പാര്‍ട്ടിയില്‍ മോദി അമിത്ഷാ അച്ചുതണ്ടിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

കേവലഭൂരിപക്ഷമില്ലതെയാണ് മൂന്നുവട്ടവും യഡിയൂരപ്പ കന്നഡമണ്ണില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയത്. 2004ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ മറികടന്ന് കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യസര്‍ക്കാര്‍ ഉണ്ടാക്കി. കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് സഖ്യസര്‍ക്കാരിനെ യഡിയൂരപ്പ താഴെയിറക്കി. അവഗണനയുടെ മുറിവേറ്റാണ് യഡിയൂരപ്പ 2008ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതും ഏറ്റവും വലിയ ഒറ്റകക്ഷിയായതും. ഇതെല്ലാം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും യഡിയൂരപ്പ മാത്രമായിരുന്നു.

എന്നാല്‍ ഇന്ന് കണക്കൂകൂട്ടലുകളുമായി അമിത്ഷായും മോദിയും യഡിയൂരപ്പയ്ക്ക് പിന്തുണയുമായുണ്ട്. അതുകൊണ്ടുതന്നെ ഫലം എന്തായാലും കൂടുതല്‍ ബാധിക്കുന്ന മോദി അമിത്ഷാ അച്ചുതണ്ടിനെയാണ്. കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവുമെല്ലാം ബി.ജെ.പിയെ ദേശീയതലത്തില്‍ നാണം കെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിജയമല്ലാതെ മറ്റൊന്നും അമിത്ഷാ പ്രതീക്ഷിക്കുന്നില്ല.

മറിച്ചായാല്‍ കര്‍ണാടകയിലൂടെ കേരളത്തിലും തെലുങ്കാനയിലും തമിഴ്‌നാട്ടിലും നിര്‍ണായ സ്വാധീനമുണ്ടാക്കാനുള്ള ഷായുടെ ശ്രമങ്ങള്‍ക്കും തിരിച്ചടിയാകും. വിശാലപ്രതിപക്ഷനിര 2019ല്‍ ശക്തിപ്പെട്ടാല്‍ ഉത്തരേന്ത്യയില്‍ നഷ്ടമാകുന്ന സീറ്റുകള്‍ക്ക് പകരം ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കാമെന്ന മോദിയുടെ കണക്കുകൂട്ടലുകളും പിഴയ്ക്കും. വിജയത്തിനായി ഏതറ്റം വരെയും പോകണമെന്നാണ് സംസ്ഥാന നേതൃത്വത്തിനുള്ള അമിത്ഷായുടെ നിര്‍ദേശം.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: