രാജി ആവശ്യപ്പെട്ടില്ല, മാണി സ്വന്തമായി എടുത്ത തീരുമാനമെന്നു മുഖ്യമന്ത്രി

 
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണി കുറ്റക്കാരനാണെന്നു കരുതുന്നില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫും മാണി കുറ്റവാളിയാണെന്നു കരുതിയിട്ടില്ല. ആ നിലപാട് തന്നെയാണ് ഇന്നുമുള്ളതെന്നും മാണി തെറ്റുചെയ്തു എന്ന് വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാണിയുടെ രാജി സ്വീകരിച്ചതായി മാധ്യങ്ങളോടു വിശദീകരിക്കുന്നതിനിടെയാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മാണി സ്വന്തമായി എടുത്ത തീരുമാനമാണു രാജി. താനോ യൂഡിഎഫോ രാജി ആവശ്യപ്പെട്ടില്ല. രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നില്ല. കേരള കോണ്‍ഗ്രസിന്റെയും മാണിയുടെയും തീരുമാനം അറിഞ്ഞ് യുക്തമായ തീരുമാനമെടക്കാന്‍ പൂര്‍ണമായ സ്വാതന്ത്ര്യം സംസ്ഥാന നേതൃത്വത്തിനു ഹൈക്കമാന്‍ഡ് നല്‍കിയിരുന്നു. ഹൈക്കോടതി വിധിയില്‍ മാണിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. ചില പരാമര്‍ശനങ്ങള്‍ വന്നതല്ലാതെ ഒരു കുറ്റവും ആരോപിച്ചിട്ടില്ല. മാധ്യമങ്ങളില്‍ വന്നതൊന്നുമല്ല വിധിയിലുള്ളത്. ഉന്നതമായ രാഷ്ട്രീയ മൂല്യം ഉയര്‍ത്തിപ്പിടിച്ചാണു മാണിയുടെ രാജിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: