രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ ടണ്‍ കണക്കിന് സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തി

 

ജയ്പൂര്‍: രാജസ്ഥാനില്‍ സ്വര്‍ണ്ണമുള്‍പ്പെടെ വന്‍ ധാതുശേഖരമുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ( GSI ). ഭൂതലത്തില്‍ നിന്നും 300 അടി താഴ്ച്ചയില്‍ വന്‍ ധാതു നിക്ഷേപമുള്ളതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ എന്‍ കുടുംബ റാവു അറിയിച്ചു. രാജസ്ഥാനിലെ രണ്ട് പട്ടണങ്ങളിലായി 11.48 കോടിയിലേറെ ടണ്‍ സ്വര്‍ണ്ണം ഉണ്ടെന്നാണ് ജിയോളജിസ്റ്റുകള്‍ വെളിപ്പെടുത്തിയത്. ബന്‍സ്വാര, ഉദയ് പൂര്‍ നഗരങ്ങളില്‍ വന്‍ സ്വര്‍ണ്ണ നിക്ഷേപത്തിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടതായി ഗവേഷകര്‍ വെളിപ്പെടുത്തി.

അതേസമയം നിലവില്‍ ഇവ ഖനനം ചെയ്‌തെടുക്കുവാനുള്ള ഉപകരണങ്ങളുടെ അപാകത കടുത്ത വെല്ലുവിളിയാണെന്നും ഇവര്‍ അറിയിച്ചു. പുത്തന്‍ ഡ്രില്ലിങ് സംവിധാനങ്ങളുമായി വൈകാതെ ഖനനം ആരംഭിക്കാനാണ് തീരുമാനം. ശിക്കാര്‍ ജില്ലയിലും സ്വര്‍ണത്തിന്റെ സാന്നിധ്യത്തെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. നിലവില്‍ വിവിധയിടങ്ങളില്‍ പരിശോധന തുടരുകയാണ്.

രാജസ്ഥാനിലെ ചില മേഖലകളില്‍ നിന്ന് ചെമ്പിന്റെയും സ്വര്‍ണ്ണത്തിന്റെയും തരികള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. തുടര്‍ന്ന് സ്വര്‍ണ്ണത്തിന് പുറമെ ഇവിടെ ലെഡിന്റെയും സിങ്കിന്റെയും സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.

രാജ്പുര- ദരിബ ഖനികളില്‍ നിന്ന് 350 ദശലക്ഷം ടണ്‍ ലെഡും സിങ്കും ഉള്ളതായി സയന്റിസ്റ്റുകള്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞില്ല, ഏകദേശം 80 ടണ്‍ ചെമ്പും രാജസ്ഥാനിലെ ഭൂമിയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നതായി വിദഗ്ദ്ധര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാന് പുറമെ രാജ്യത്തിനൊട്ടാകെ ഉണര്‍വേകുന്ന പുത്തന്‍ കണ്ടെത്തലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് വ്യാവസായിക ലോകം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: