രണ്ട് ഇല പിളര്‍ന്നു: പിളര്‍പ്പിന് ശേഷം നിയമനടപടികളുമായി കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍; പാല ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് കടമ്പയാകും, ചര്‍ച്ചകള്‍ ഇനിയും തുടരാന്‍ യുഡിഎഫ്…

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതിന് ശേഷം പാര്‍ട്ടിയിലെ അധികാരം ഉറപ്പിക്കാന്‍ ഇരു വിഭാഗവും ശ്രമം ഊര്‍ജ്ജിതമാക്കി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാത്രമാണ് തര്‍ക്കമെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി ജെ ജോസഫ് തുടരുമെന്ന് തന്നെയാണ് ജോസ് കെ മാണി പക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട്. കൂറുമാറ്റ നിരോധനിയമത്തിന്റെ ഭീഷണി ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് സൂചന.

ഇന്ന് രാവിലെ പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഒരു വിഭാഗം എംഎല്‍എമാരുടെ യോഗത്തില്‍ സിഎഫ് തോമസും പങ്കെടുത്തു. സിഎഫ് തോമസ് ഏത് വിഭാഗത്തിനൊപ്പം നില്‍ക്കുന്നുവെന്ന കാര്യത്തില്‍ അവ്യക്തതകള്‍ ഉണ്ടായിരുന്നു. മൂന്ന് എംഎല്‍എമാര്‍ ജോസഫിനൊപ്പവും രണ്ട് പേര്‍ ജോസ് കെ മാണി വിഭാഗത്തിനൊപ്പവുമാണ്. കൂറുമാറ്റ നിരോധന ഭീഷണി ഒഴിവാക്കാനാണ് ജോസഫിന്റെ നേതൃത്വത്തെ അംഗീകരിച്ചതെന്നാണ് സൂചന.

ഇന്നലെ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനാണ് പാര്‍ട്ടിയിലെ ഈ വിഭാഗത്തിന്റെ തീരുമാനം. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി മാത്രമാണ് തെരഞ്ഞെടുത്തെതന്നും ചെയര്‍മാനെ പാര്‍ട്ടി ഭരണഘടന പ്രകാരം ഇപ്പോള്‍ തെരഞ്ഞെടുത്തുവെന്നുമുള്ള കാര്യമാണ് ജോസ് കെ മാണി പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുക. അതെ സമയം അനധികൃതമായ യോഗമാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതെന്നും ഇതിനായി യോഗം വിളിച്ചുചേര്‍ക്കാനുള്ള അധികാരം പി ജെ ജോസഫിനാണെന്നും മറുപക്ഷവും കമ്മീഷനെ അറിയിക്കും.

അതേ സമയം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ജോസഫ് തന്നെ തുടരട്ടെ എന്ന് ജോസ് കെ മാണി വിഭാഗം തീരുമാനിച്ചെങ്കിലും ജോസഫ് വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനത്തിലാണ് മാണി വിഭാഗം. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ക്കാനുള്ള അധികാരം ചെയര്‍മാനാണെന്നാണ് ഇവരുടെ പക്ഷം. അതിനിടെ അവ്യക്തതകള്‍ അവസാനിപ്പിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സി എഫ് തോമസ് ഇന്ന് ജോസഫ് വിഭാഗത്തിലെ എംഎല്‍എമാരുമാടെ കൂടിച്ചേരലില്‍ പങ്കെടുത്തു. സി എഫ് തോമസ് തങ്ങളോടൊപ്പമാണെന്നാണ് ജോസ് കെ മാണിയൊടൊപ്പം നില്‍ക്കുന്നവര്‍ അവകാശപ്പെട്ടിരുന്നത്.

അതിനിടെ കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ എന്തെങ്കിലും പരിഹാരമുണ്ടാക്കാനുള്ള ശ്രമം തുടരാനാണ് യുഡിഎഫ് നേതാക്കളുടെ ശ്രമം. ഇതിനായുള്ള നീക്കം കോണ്‍ഗ്രസും മുസ്ലീം ലീഗും നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലടക്കം ജനങ്ങള്‍ കാണിച്ച വിശ്വാസത്തെ മറന്നുകൊണ്ടുള്ള രീതികളാണ് കേരള കോണ്‍ഗ്രസില്‍ ഉണ്ടാകുന്നതെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ഇക്കാര്യം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പരസ്യമായി തന്നെ പറയുകയും ചെയ്തു.

പാര്‍ട്ടിയിലെ പിളര്‍പ്പ് യാഥാര്‍ത്ഥ്യമാവുകയും രണ്ട് വിഭാഗങ്ങളും യുഡിഎഫില്‍ തുടരുകയും ചെയ്താല്‍ പാല ഉപതെരഞ്ഞെടുപ്പായിരിക്കും യുഡിഎഫിന്റെ മുന്നിലുള്ള കടമ്പ. സ്വാഭാവികമായും ജോസ് കെ മാണി വിഭാഗം സീറ്റിന് അവകാശം ഉന്നയിക്കും. ഇക്കാര്യത്തില്‍ ജോസഫിനെ കൂടെ നിര്‍ത്താന്‍ യുഡിഎഫ് നേതൃത്വത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്നതാണ് പ്രധാന പ്രശ്നം. ഔദ്യോഗിക കേരള കോണ്‍ഗ്രസ് തങ്ങളാണെന്നു സ്ഥാപിക്കാന്‍ കിട്ടുന്ന അവസരമെന്ന നിലയില്‍ ഇരുവിഭാഗവും സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടിയുള്ള അവകാശവാദം ഉന്നയിക്കും. 13 തെരഞ്ഞെടുപ്പുകളില്‍ കെ എം മാണി വിജയിച്ച മണ്ഡലമാണ് പാല.

1982 ല്‍ യുഡിഎഫില്‍ രണ്ട് വിഭാഗം കേരള കോണ്‍ഗ്രസുകളുണ്ടായിരുന്നു. 1980 ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ച് കെ എം മാണിയുടെ പാര്‍ട്ടി യുഡിഎഫിലെത്തിയിരുന്നു. ജോസഫ് വിഭാഗവും അന്ന് യുഡിഎഫിലുണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: