രണ്ട് അമ്മയും ഒരു അച്ഛനും; ത്രീ-പേഴ്സണ്‍ ഐവിഎഫി”ലൂടെ മൂന്നുമാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചു

കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ”ത്രീ-പേഴ്സണ്‍ ഐവിഎഫി” ലൂടെ മൂന്നുമാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചു. ലോകത്ത് ആദ്യമായി പ്രോന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ മാര്‍ഗത്തിലൂടെ കീവിലെ ഡോക്ടര്‍മാരാണ് ഇത് സാധ്യമാക്കിയതെന്ന് ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇത് ലോകത്തില്‍ മൂന്നു മാതാപിതാക്കള്‍ക്ക് ജനിക്കുന്ന ആദ്യത്തെ കുഞ്ഞല്ല. ജനുവരി 5ന് ജനിച്ച പെണ്‍കുഞ്ഞ് ലോകത്തിലെ രണ്ടാമത്തെ മൂന്നുമാതാപിതാക്കളുള്ള കുഞ്ഞാണ്. അല്‍പം വ്യത്യാസമുള്ള ഒരു മാര്‍ഗത്തിലൂടെ മെക്സികോയില്‍ കഴിഞ്ഞ വര്‍ഷം മൂന്നുമാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചിരുന്നു..

കീവ് സംഘം മാതാവിന്റെ അണ്ഡം പിതാവിന്റെ ബീജവുമായി സംയോജിപ്പിച്ച് തുടര്‍ന്ന് ദാതാവിന്റെ അണ്ഡത്തില്‍ നിന്നുള്ള ജീന്‍ ഇതുമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. കുഞ്ഞിന് മാതാപിതാക്കളുടെ ജനിതകഘടനയാണ് ലഭിക്കുക. ഒപ്പം ദാതാവായ സ്ത്രീയുടെ ഡിഎന്‍എയുടെ ചെറിയൊരു അംശവും ഉണ്ടായിരിക്കും.

ഗുരുതര ജനിതക രോഗമായ മൈറ്റോകോണ്‍ട്രിയല്‍ ഡിസീസ് ബാധിച്ച സ്ത്രീകള്‍ക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനാണ് ഡോക്ടര്‍മാര്‍ ത്രീ-പേഴ്സണ്‍ ഐവിഎഫ് ചികിത്സ വികസിപ്പിച്ചെടുത്തത്. ചില സ്ത്രീകളുടെ മൈറ്റോകോണ്‍ട്രിയയില്‍ ജനിതക തകരാറുണ്ടാകുകയും ഇത് ജനിക്കുന്ന കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ചികിത്സയ്ക്കായി ആരോഗ്യമില്ലാത്ത മൈറ്റോകോണ്‍ട്രിയയുള്ള സ്ത്രീയുടെ അണ്ഡവും ആരോഗ്യമുള്ള സ്ത്രീയുടെ അണ്ഡവും ശേഖരിക്കുകയും ജീന്‍ എഡിറ്റിങിലൂടെ അപകടകരമായ ജീന്‍ നീക്കം ചെയ്ത് പുതിയത് ചേര്‍ക്കുകയും ചെയ്യുന്നു.

എന്നാല്‍ മൈറ്റോക്രോണ്‍ട്രിയല്‍ അസുഖമുള്ള ദമ്പതികള്‍ക്കല്ല, മറിച്ച് വന്ധ്യതയെ തുടര്‍ന്ന് കുട്ടികളുണ്ടാകില്ലെന്ന് സ്ഥിരീകരിച്ച ദമ്പതികള്‍ക്കാണ് കീവിലെ നാദിയ ക്ലിനിക്കില്‍ ചികിത്സ നടന്നത്. ഇത് ചികിത്സരംഗത്ത് വഴിത്തിരിവാകുന്ന പരീക്ഷണമാണെന്ന് യുകെയിലെ വിദഗ്ധര്‍ പറഞ്ഞു.

സാധാരണയായി ചെയ്യുന്ന ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭധാരണം നടക്കാത്ത ഉക്രൈന്‍ ദമ്പതികളില്‍ ഈ പരീക്ഷണം വിജയിക്കുമോ എന്ന് സംശയമുണ്ടായിരുന്നുവെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ വലേരി സുകിന്‍ പറഞ്ഞു. ഇതേ അവസ്ഥയിലുള്ള മറ്റൊരു രോഗി മാര്‍ച്ചില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മൈറ്റോകോണ്‍ട്രിയല്‍ ഡിസീസുള്ള ദമ്പതികള്‍ക്ക് മൂന്നുമാതാപിതാക്കളുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ അനുവദിക്കുന്ന നിയമം യുകെയില്‍ പാസാക്കിയിട്ടുണ്ട്. എന്നാല്‍ യുകെയില്‍ ഇതുവരെ മൂന്നുമാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചിട്ടില്ല.

മൂന്നു മാതാപിതാക്കളുള്ള കുട്ടികള്‍ എന്നതിലെ ധാര്‍മ്മികത വിവാദമായി തുടരുകയാണ്. ജനിതക എഡിറ്റിങ്ങിലൂടെ ഡിസൈന്‍ ചെയ്ത കുഞ്ഞുങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതും വിവാദത്തിന് കാരണമാകുന്നു.

പ്രോന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ പരീക്ഷണം നിര്‍ണായകമാണെന്നും ഇതുവരെ ഇതിനെ ശരിയായി വിലയിരുത്തുകയോ ശാസ്ത്രീയമായി തെളിയിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ബ്രിട്ടീഷ് ഫെര്‍ട്ടിലിറ്റി ക്ലിനിക് ചെയര്‍മാന്‍ പ്രൊഫ.ആഡം ബലന്‍ പറയുന്നു. ഐവിഎഫ് റിസല്‍ട്ട് മികച്ചതാക്കുന്നതിന് ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ ശക്തമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ സാങ്കേതിക വിദ്യയെ ശ്രദ്ധയോടെ മുമ്പോട്ട് കൊണ്ടുപോകണമെന്നാണ് ഫെര്‍ട്ടിലിറ്റി രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വിജയിച്ച പരീക്ഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പുറത്തുവരുന്നതെന്നും പരാജയപ്പെടുന്നവ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതിനെയും പലരും ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ നിരുത്തരവാദിത്വപരമാണെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: