രണ്ടു വര്‍ഷത്തിനുള്ളില്‍ വീണ്ടും ആഗോള സാമ്പത്തിക മാന്ദ്യമെന്ന് പ്രവചനം

രണ്ടു വര്‍ഷത്തിനുള്ളില്‍ ലോകം അടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോള വ്യാപാര മേഖലയിലെ ഇപ്പോഴത്തെ ഇടിവ്, പത്ത് വര്‍ഷം മുമ്പ് അഭിമുഖീകരിച്ച സാമ്പത്തിക മാന്ദ്യത്തിനു സമാനമായ അവസ്ഥയിലേക്ക് ലോകത്തെ നയിക്കുമെന്നാണ് ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച ലണ്ടന്‍ ആസ്ഥാനമായ ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും ഈ സാഹചര്യത്തെ ആശങ്കയോടെ കാണണമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

‘ആഗോള വാണിജ്യ വളര്‍ച്ചയിലുള്ള വലിയ ഇടിവായിരിക്കും വരും നാളുകളിലെ ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ അഞ്ചു ശതമാനത്തിലധികമായിരുന്ന വാണിജ്യ വളര്‍ച്ച വര്‍ഷാവസാനമായപ്പോഴേക്കും പൂജ്യത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. വാണിജ്യ രംഗത്തെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് ലോക വാണിജ്യ മേഖല ചുരുങ്ങി പോകാനും ആഗോള സമ്പദ്്ഘടനയില്‍ ഇടിവുണ്ടാകാനും കാരണമാകും,’ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ്-ചൈന വ്യാപാര യുദ്ധം ഇപ്പോള്‍ തന്നെ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമേല്‍പ്പിച്ചിട്ടുണ്ട്.

പുതുവര്‍ഷത്തില്‍ കൈവരിക്കുമെന്ന് കണക്കാക്കിയിരുന്ന ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് മൂന്നു ശതമാനത്തില്‍ നിന്ന് 2.9 ശതമാനമാക്കി ലോക ബാങ്ക് കഴിഞ്ഞ ആഴ്ച വെട്ടികുറച്ചിരുന്നു. വാണിജ്യ യുദ്ധങ്ങള്‍ക്കൊപ്പം പലിശ നിരക്കിലെ വര്‍ധന, ഓഹരി, ചരക്ക് വിപണികളില്‍ വര്‍ധിച്ചു വരുന്ന അസ്ഥിരത എന്നിവയുടെ പ്രത്യാഘാതങ്ങള്‍ കൂടിയാകുമ്പോള്‍ പ്രശ്നം അതിരൂക്ഷമാകും. ആഗോളതലത്തിലുള്ള സാമ്പത്തികാവസ്ഥകള്‍ സമ്മര്‍ദ്ദത്തിലാകും. നയപരമായ തെറ്റുകളുടെ അനന്തരഫലങ്ങള്‍ 2020 മുതല്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഐഎച്ച്എസ് മാര്‍ക്കിറ്റ് വിശ്വസിക്കുന്നത്.

സാമ്പത്തിക വളര്‍ച്ചയ്ക്കായി പ്രധാനമായും കയറ്റുമതിയെ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് വാണിജ്യ യുദ്ധങ്ങള്‍ വലിയ വെല്ലുവിളിയുയര്‍ത്തും. വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളായ ഇന്ത്യ, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 4.6 ശതമാനത്തിലേക്ക് കുറയുമെന്നാണ് പ്രവചനം. വികസിത രാജ്യങ്ങളുടെ സംരക്ഷണവാദത്തിന്റെയും പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ആഘാതം ദോഷകരമായി ബാധിക്കുന്ന രാജ്യങ്ങളിലൊന്നാകും ഇന്ത്യ. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായ കരുതല്‍ ധനം സൂക്ഷിക്കണമെന്നും പ്രാദേശിക സമ്പദ്് ഘടനകളെ പിന്തുണക്കണമെന്നും റിപ്പോര്‍്ട്ട് അഭിപ്രായപ്പെടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: