രണ്ടുമാസം നീണ്ട അനിശ്ചിതത്വത്തിന് വിട; കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് സോണിയ ഗാന്ധി

ന്യൂഡല്‍ഹി : രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ന് രാവിലെ മുതല്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍നിന്ന് ആരെയും പരിഗണിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. രാത്രി വൈകിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയില്‍നിന്നുള്ള മുകുള്‍ വാസ്നിക്കോ കര്‍ണാടകയില്‍നിന്നുള്ള മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോ പ്രസിഡന്റായേക്കുമെന്നായിരുന്നു സൂചന. അതിന് ശേഷമാണ് പ്രവര്‍ത്തക സമിതിയോഗം ഈ തീരുമാനത്തില്‍ എത്തിയത്. പ്രസിഡന്റിനെ കണ്ടെത്താന്‍ അഞ്ച് കമ്മിറ്റികളെ പ്രവര്‍ത്തക സമിതി തീരുമാനിച്ചിരുന്നു. ആ കമ്മിറ്റികളിലും ഇല്ലെന്ന് പറഞ്ഞ് സോണിയയും രാഹുലും പ്രവര്‍ത്തക സമിതിയോഗത്തില്‍നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രവര്‍ത്തക സമിതി അപ്രതീക്ഷിത തീരുമാനം എടുത്തത്.

കോണ്‍ഗ്രസിനെ നയിക്കാന്‍ ഗാന്ധി കുടുംബത്തില്‍നിന്ന് ആരെയും പരിഗണിക്കേണ്ടെന്ന് നേരത്തെ പല തവണ രാഹുല്‍ വ്യക്തമാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി പ്രസിഡന്റാകണമെന്ന ആവശ്യവും അവര്‍ തന്നെ തള്ളികളയുകയുമായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പ്രവര്‍ത്തക സമിതി യോഗം തുടങ്ങിയപ്പോള്‍ കുടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്ന നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി മുന്നോട്ട് വെയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അഞ്ച് കമ്മിറ്റികള്‍ രൂപികരിക്കപ്പെട്ടത്.
ഇതില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം വീണ്ടും പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. അതിനിടെ രാഹുല്‍ യോഗത്തിനെത്തുകയും കാശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.
ഇതെല്ലാം കഴിഞ്ഞാണ് പ്രതീക്ഷകളെ അസ്ഥാനത്താക്കി സോണിയാഗാന്ധി വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്

1999 ലാണ് സീതാറാം കേസരിയെ നീക്കി സോണിയാഗാന്ധി കോണ്‍ഗ്രസിന്റെ പ്രസിഡന്റാകുന്നത്. ആ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ബെല്ലാരിയില്‍നിന്നും അമേഠിയില്‍നിന്നും അവര്‍ മല്‍സരിച്ചു വിജയിച്ചു. 2004 ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ അധികാരത്തില്‍ വന്നപ്പോള്‍ പ്രധാനമന്തി പദം ഏറ്റെടുക്കാതെ സോണിയ ഏവരെയും അത്ഭുതപ്പെടുത്തി. തുടര്‍ന്ന് 2009 ലും കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ചു. എന്നാല്‍ 2014 കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയവും സംഭവിച്ചത് സോണിയയുടെ നേതൃത്വത്തിന്‍ കീഴിലായിരുന്നു.

പിന്നീടാണ് ഇവര്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നില്ലെന്ന സൂചന നല്‍കി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റായബറേലിയില്‍ മല്‍സരിച്ചു. കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ വിജയിച്ച ഏകസീറ്റ് സോണിയയുടെതായിരുന്നു. ആരോഗ്യ കാരണങ്ങളാലാണ് രണ്ട് വര്‍ഷം മുമ്പ് സോണിയ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. 2017 ഡിസംബര്‍ 16 നാണ് രാഹുല്‍ സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 52 സീറ്റു മാത്രം ലഭിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.

Share this news

Leave a Reply

%d bloggers like this: