രണ്ടാമത് ട്രമ്പ് – കിം ഉച്ചകോടി അടുത്ത മാസം നടക്കുമെന്ന് വൈറ്റ്ഹൗസ്; വിയറ്റ്നാം വേദിയാകുമെന്ന് കരുതപ്പെടുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും, ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള രണ്ടാമത് ഉച്ചകോടി ഫെബ്രുവരിയില്‍ നടക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഉയര്‍ന്ന ഉത്തര കൊറിയന്‍ പ്രതിനിധി കിം യോങ് ചോല്‍ വൈറ്റ്ഹൗസിലെത്തി ട്രമ്പുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വിയറ്റ്നാമിലായിരിക്കും കൂടിക്കാഴ്ച നടക്കുകയെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചരിത്രം കുറിച്ച് സിംഗപ്പൂരില്‍ നടന്ന പ്രഥമ ട്രമ്പ് – കിം ഉച്ചകോടിക്കു ശേഷം കൊറിയന്‍ ഉപദ്വീപ് ആണവവിമുക്തമാക്കുന്ന കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാതെയാണ് രണ്ടാം ഉച്ചകോടിക്ക് വേദിയൊരുങ്ങുന്നത്.

ഉത്തര കൊറിയന്‍ നേതാവ് കിമ്മിന്റെ ഒരു കത്ത് ട്രമ്പിനു കൈമാറി. ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല. ഉച്ചകോടിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ട്രമ്പ് പറഞ്ഞു. ആണവ നിരായുധീകരണ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും, അമേരിക്ക ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തി വരികയാണെന്നും വൈറ്റ്ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സ് പറഞ്ഞു. ആണവ കേന്ദ്രങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഉത്തര കൊറിയ ഇനിയും തയാറായിട്ടില്ല. എന്നാല്‍, ഉച്ചകോടിക്കു ശേഷം കിം ഇമേജ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു വരികയാണ്.

ദക്ഷിണ കൊറിയയമായുള്ള ബന്ധം കൂടുതല്‍ ഊഷ്മമാക്കിയിട്ടുണ്ട്. ഇരു രാജ്യത്തെയും നേതാക്കള്‍ പരസ്പരം സന്ദര്‍ശനം നടത്തുകയും, അതിര്‍ത്തിയിലെ ഗാര്‍ഡ് പോസ്റ്റുകള്‍ നശിപ്പിക്കയും ചെയ്തു. ചൈനയുമായുള്ള ബന്ധവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ കിം ശ്രദ്ധിച്ചു. ഉച്ചകോടിക്കു ശേഷം മിസൈല്‍ പരീക്ഷണങ്ങലില്‍ നിന്ന് ഉത്തര കൊറിയ വിട്ടു നിന്നു എന്നത് ശുഭകരമായ കാര്യമാണ്. ഒരു ആണവ പരീക്ഷണ കേന്ദ്രവും, മിസേല്‍ എന്‍ജിന്‍ സംവിധാനവും നശിപ്പിക്കാനും അവര്‍ തയാറായി.

Share this news

Leave a Reply

%d bloggers like this: