രണ്ടാം തവണയും അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേയ്; അടുത്തയാഴ്ച പുതിയ കരാര്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷ

ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ നാണക്കേട് സംഭവിച്ച് 24 മണിക്കൂറിനകം തെരേസാമേയ്ക്ക് പാര്‍ലമെന്റില്‍ അല്‍ഭുതകരമായ ജയം. പ്രധാനമന്ത്രി അവതരിപ്പിച്ച ബ്രക്സിറ്റ് കരാറിന് കഴിഞ്ഞ ദിവസം 230 വോട്ടിന്റെ കൂറ്റന്‍ പരാജയം ഏറ്റുവാങ്ങിയ തെരേസാ മെയ് ഇന്നലെ അവിശ്വാസം അതിജീവിച്ച് കസേര കാത്തു. ഇന്നലെ സ്വന്തം പാര്‍ട്ടിയിലെ 118 എം.പിമാരും സഖ്യകക്ഷിയായ ഡി.യു.പിയും തെരേസാമേയ്ക്കഎ എതിരായിരുന്നെങ്കില്‍ ഇന്ന് അവരെല്ലാം കോര്‍ബിന് എതിരേ തിരിഞ്ഞതോടെ അവിശ്വാസം പരാജയപ്പെട്ടു. 325 പേര്‍ അവിശ്വാസത്തെ എതിര്‍ത്തപ്പോള്‍ 306 പേരേ കോര്‍ബിന്‍ അവതരിപ്പിച്ച അവിശ്വാസത്തെ അനുകൂലിച്ചുള്ളു. സാധാരണ സര്‍ക്കാരിന് ഹൗസ് ഓഫ് കോമണ്‍സിലെ ഭൂരിപക്ഷം 13 ആണ്. എന്നാല്‍ ഇന്നലെ അത് 19 ആയി ഉയര്‍ന്നു. ലേബര്‍പാര്‍ട്ടിയില്‍ നിന്ന് ഏതാനും എം.പിമാര്‍ അവിശ്വാസത്തെ എതിര്‍ത്തുവെന്നാണ് ഇത് നല്‍കുന്ന സൂചന.

പ്രധാനമന്ത്രി കസേര കാത്ത തെരേസാമേ ബ്രക്സിറ്റ് നടപ്പാക്കാനുള്ള പുതിയ പദ്ധതി ഇനി പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ചൊവ്വാഴ്ച തെരേസാമയെ എതിര്‍ത്തവര്‍ 24 മണിക്കൂറിനകം പ്രധാനമന്ത്രിക്ക് ചൂറ്റും അണിനിരക്കുന്ന കാഴ്ചയാണ് അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ കണ്ടത്. ഇന്നലെ തെരേസാമേക്ക് എതിരേ പാര്‍ലമെന്റില്‍ ഉണ്ടായ വികാരം മുതലാക്കാമെന്ന പ്രതീക്ഷയിലാണ് ജെറമികോര്‍ബിന്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ തെരേസാമേയെ താഴെയിറക്കി ഇലക്ഷനിലൂടെ ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയാകുന്നതിനെ അവരാരും അനുകൂലിച്ചില്ല.

ബ്രിട്ടന്റെ രാഷ്ട്രീയത്തിലെ തന്നെ നിര്‍ണായകമായ രാഷ്ട്രീയ സംഭവ വികാസങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നത്. കഴിഞ്ഞ മാസം സ്വന്തം പാര്‍ട്ടിക്കാര്‍ തനിക്ക് എതിരേ നടത്തിയ അവിശ്വാസ പ്രമേയ നീക്കത്തെ തെരേസാ മേയ് അതിജീവിച്ചിരുന്നു. എന്നാലും അടുത്ത ഇലക്ഷനില്‍ താന്‍ പാര്‍ട്ടിയെ നയിക്കാനില്ലെന്ന് അവര്‍ വ്യക്തമാക്കി. ബ്രക്സ്റ്റ് കരാറില്‍ പാര്‍ലമെന്റിലെ പരാജയം നേരത്തേ തന്നെപ്രവചിക്കപ്പെട്ടതാണ്. ഇന്നലത്തെ തരംഗത്തില്‍ അവിശ്വാസം പാസാക്കി തെരേസാ മേയേ പുറത്താക്കാമെന്ന പ്രതിപക്ഷ കണക്കുകൂട്ടലാണ് പിഴച്ചത്. ഇന്നലെ സഖ്യകക്ഷിയായ ഡി.യു.പി അവിശ്വാസത്തെ എതിര്‍ക്കുമെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതോടെ തെരേസാ മേയ് അവിശ്വാസത്തെ അതിജീവിക്കുമെന്ന സൂചനയുണ്ടായിരുന്നു. വൈകുന്നേരം നടന്ന വോട്ടെടുപ്പില്‍ 19 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് ടോറി പാര്‍ട്ടിക്ക് നേട്ടമായി. പ്രധാനമന്ത്രി കസേരയില്‍ തുടരുമെന്ന് ഉറപ്പായ ശേഷം ഹൗസ്ഓഫ് കോമണ്‍സില്‍ നടത്തിയ പ്രസംഗത്തില്‍ ബ്രക്സിറ്റ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് പ്രധാന മന്ത്രി വീണ്ടും പ്രഖ്യാപിച്ചു. ഇതോടെ, അടുത്തയാഴ്ച മാറ്റങ്ങളോടെ പുതിയ കരാര്‍ മേ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും. എന്നാല്‍ ഇതിനോട് യൂറോപ്പ് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ടോറി പാര്‍ട്ടിയിലെ 118 എം.പി മാരും പ്രതിപക്ഷ പാര്‍ട്ടികളിലെ എം.പിമാരും കഴിഞ്ഞ ദിവസം തെരേസാ മേയ് അവതരിപ്പിച്ച കരാറിനെ എതിര്‍ക്കുകായിരുന്നു. അതിനാല്‍ ബ്രക്സിറ്റ് നടപ്പാക്കാനുള്ള പ്ലാന്‍ ബി തയാറാക്കുന്നതിന് വേണ്ടി എല്ലാ എം.പി മാരുമായി ചര്‍ച്ച നടത്താനാണ് സാധ്യത. മുതിര്‍ന്ന നേതാക്കളുമായി ബ്രക്സിറ്റ് കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ക്രിയാത്മത ചര്‍ച്ച നടത്തുമെന്ന് ഇന്നലെ പാര്‍ലമെന്റിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞെങ്കിലും നോ ഡീല്‍ ബ്രകസ്റ്റ് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത് മാര്‍ച്ച് 29ന് അകമാണ്. ശേഷിക്കുന്നത് വെറും 72 ദിവസം മാത്രം. ഇനിയെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരമറിയാന്‍ ആകാംഷയോടെയാണ് ലോകം കാത്തിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: