രജനീകാന്തിന്റെ പാട്ടുപാടി കേരള ഹൈക്കോടതിയുടെ വിധിപ്രഖ്യാപനം; പാട്ട് പാടിയത് മാതൃസ്നേഹത്തെ വാഴ്ത്താന്‍

 

കൊച്ചി; ‘അമ്മ എന്ററഴയ്ക്കാത ഉയിര്‍ ഇല്ലയേ.. അമ്മാവേ വണങ്കാത ഉയിര്‍വില്ലയേ…’ അമ്മയുടെ സ്നേഹത്തിന് പകരമായി മറ്റൊന്നുമില്ലെന്ന് പറയാന്‍ ഇതിലും മനോഹരമായ വരികളില്ല. ഈ പാട്ടുപാടി വിധിപ്രഖ്യാപനം വ്യത്യസ്തമാക്കിയിരിക്കുകയാണ് കേരള ഹൈക്കോടതി. മകനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് അമ്മ കോടതിയില്‍ ഫയല്‍ ചെയ്ത ഹേബിയസ് ഹോര്‍പ്പസില്‍ വിധി പറയുന്നതിന് മുന്‍പാണ് കോടതി രജനീകാന്ത് സിനിമയിലെ മനോഹരമായ ഗാനം പാടിയത്.

അമ്മ എന്നുവിളിക്കാത്ത ഒരു ജീവനുമില്ല, അമ്മയെ വണങ്ങാതെ ഉയര്‍ച്ചയുമില്ല. എന്ന് അര്‍ത്ഥം വരുന്ന വരികള്‍ സൂപ്പര്‍ സ്റ്റാറിന്റെ മന്നന്‍ എന്ന സിനിമയിലേതാണ്. മകനുവേണ്ടി പോരാട്ടം നടത്തുന്ന അമ്മയുടെ സ്നേഹത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്. വിവാഹ മോചനം നേടിയ പിതാവിന്റെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയ അഞ്ചര വയസുകാരനെ അമ്മയോടൊപ്പം വിടാന്‍ കോടതി നിര്‍ദ്ദേശിച്ചത്. 2014 നവംബര്‍ 11 നാണ് ഹര്‍ജിക്കാരിയെ ഭര്‍ത്താവ് തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയത്.

വിവാഹ മോചന സമയത്തെ കരാര്‍ അനുസരിച്ച് പിതാവിന് അഞ്ച് മാസം കൂടുമ്പോള്‍ നാലു ദിവസത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ അനുമതിയുണ്ട്. പിതാവ് ഗള്‍ഫിലായതിനാല്‍ മാസത്തില്‍ ഒരു ദിവസം ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കുട്ടിയെ കാണാന്‍ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ തന്റെ കുഞ്ഞിനെ ബലമായി കൊണ്ടുപോയെന്നാണ് യുവതിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇതിനെതിരേ യുവതി പൊലീസില്‍ പരാതി നല്‍കുകയും കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയും ചെയ്തു.

വിവാഹമോചന സമയത്ത് കുട്ടിയെ അമ്മയോടൊപ്പം വിടാനാണ് തീരുമാനിച്ചത്. എന്നാല്‍ മ്റ്റൊരു കോടതി ഉത്തരവ് ഇല്ലാതെയാണ് ബലപ്രയോഗിച്ച് കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പെടുത്തിയതെന്ന് കോടതി പറഞ്ഞു. വിവാഹ ബന്ധം വേര്‍പെടുത്തിയശേഷം കുഞ്ഞ് അമ്മയോടൊപ്പം താമസിച്ച് അടുത്തുള്ള സ്‌കൂളില്‍ പഠിച്ചുവരികയാണ് അതിനാല്‍ കുട്ടിയെ അമ്മയോടൊപ്പം വിടുകയാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

അമ്മയ്ക്ക് മറ്റെല്ലാവരുടേയും പകരമാകാനാവും എന്നാല്‍ അമ്മയുടെ കുറവ് മറ്റാര്‍ക്കും നികത്താനാവില്ല എന്ന കര്‍ദ്ദിനാള്‍ മെര്‍മിലോഡിന്റെ വാക്കുകളും വിധി പ്രഖ്യാപനത്തിനിടെ പറഞ്ഞു. അതിനിടെ പൊലീസ് ഉപദ്രവിക്കുന്നുവെന്നാരോപിച്ച് പിതാവിന്റെ മാതാപിതാക്കളും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: