രക്തസാക്ഷിയായ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് സിസ്റ്റര്‍ റാണി മരിയ; ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ നാലിന്

പ്രേഷിതപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്. ദൈവദാസി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ നാലിന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കും. രാവിലെ പത്തിന് ഇന്‍ഡോര്‍ ബിഷപ്സ് ഹൗസിനടുത്തുള്ള സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു ചടങ്ങുകള്‍ നടക്കുന്നത്.

വത്തിക്കാനില്‍നിന്നു കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍ എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്നു പൊതുസമ്മേളനം നടക്കും.

പിറ്റേന്ന് സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്‌നഗര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടാകും. ഇന്‍ഡോറില്‍ നടക്കുന്ന പ്രഖ്യാപനച്ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള മെത്രാന്മാരും വൈദികരും എഫ്‌സിസി സന്യാസിനികളും കുടുംബാംഗങ്ങളും മറ്റു പ്രതിനിധികളും പങ്കെടുക്കും. വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിനോടനുബന്ധിച്ചു കേരളസഭയുടെ കൃതജ്ഞതാബലിയും ആഘോഷവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ നവംബറില്‍ എറണാകുളത്തു നടക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴിയാണു സിസറ്റര്‍ റാണി മരിയയുടെ ജന്മനാട്. മധ്യപ്രദേശിലെ പ്രേഷിതപ്രവര്‍ത്തനത്തിനിടെ 1995 ഫെബ്രുവരി 25നാണു സിസ്റ്റര്‍ കൊല്ലപ്പെട്ടത്. എഫ്സിസി സന്യാസിനി സമൂഹാംഗമായിരുന്നു സിസ്റ്റര്‍ റാണി മരിയ.

 

 
എ എം

Share this news

Leave a Reply

%d bloggers like this: