രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ തിരിച്ചറിയാം, കണ്ടെത്തലുമായി ഗവേഷകര്‍

രക്തപരിശോധനയിലൂടെ അര്‍ബുദം നിര്‍ണയിക്കാന്‍ നൂതന കണ്ടുപിടുത്തവുമായി ഗവേഷകര്‍. എട്ട് തരം ക്യാന്‍സര്‍ രക്തപരിശോധനയിലൂടെ കണ്ടെത്താമെന്ന് പഠനം നടത്തിയ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് അവകാശപ്പെടുന്നത്.

ഗര്‍ഭപാത്രം, കരള്‍, പാന്‍ക്രിയാസ്, അന്നനാളം, കുടല്‍, ശ്വാസകോശം, സ്തനം എന്നിവിടങ്ങളിലുണ്ടാകുന്ന ക്യാന്‍സറാണ് രക്തപരിശോധനയിലൂടെ കണ്ടെത്താനാകുന്നത്. ഈ പരിശോധനയെ അതിശയകരമായ കണ്ടെത്തല്‍ എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

സാധാരണയായ ക്യാന്‍സറുമായി ബന്ധപ്പെട്ട പ്രോട്ടീനുകള്‍ പുറപ്പെടുവിക്കുന്ന 16 ജീനുകളേയും അവയുടെ മാറ്റങ്ങളേയുമാണ് രക്തപരിശോധനയിലൂടെ നിരീക്ഷിക്കുന്നത്. ക്യാന്‍സര്‍ ബാധമൂലം രൂപമാറ്റം സംഭവിച്ച ഡിഎന്‍എ കണ്ടെത്താമെന്നതാണ് പുതിയ പരിശോധനയുടെ നേട്ടം.

അണ്ഡാശയം, കരള്‍,വയര്‍,പാന്‍ക്രിയാസ്, അന്നനാളം,ശ്വാസകോശം, സ്തനങ്ങള്‍, മലാശയം എന്നിവിടങ്ങളില്‍ അര്‍ബുദം ബാധിച്ച 1005 രോഗികളിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിനു സന്നദ്ധരായെത്തിയ കാന്‍സറില്ലാത്ത 800 പേരില്‍ നടത്തിയ പരിശോധനയും വിജയമായിരുന്നു. ഇവരില്‍ രക്തപരിശോധന നടത്തിയതില്‍ 70 ശതമാനം പരിശോധന വിജയകരമായിരുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നത് ഏറെ സങ്കീര്‍ണമായ കാര്യമാണ്. എന്നാല്‍ അങ്ങനെ കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞാല്‍ അതിന്റെ ഫലം ഏറെ അതിശയകരമായിരിക്കും. പുതിയ കണ്ടുപിടുത്തം അര്‍ബുദ ചികിത്സാ രംഗത്ത് ഏറെ പ്രതീക്ഷാജനകമായ മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നതെന്ന് പഠനസംഘത്തില്‍ ഉള്‍പ്പെട്ട ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍ ക്രിസ്റ്റിയന്‍ തോമസെറ്റി പറഞ്ഞു.

ക്യാന്‍സര്‍ സീക്ക്(cancer seek) ടെസ്റ്റ് എന്നാണ് ഈ പരിശോധന വര്‍ഷത്തില്‍ ഒരു തവണ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. 500 ഡോളറില്‍ താഴെ മാത്രം ചെലവാണ് ഈ പരിശോധനയ്ക്ക് ആവശ്യമായി വരുന്നതെന്നും പഠനം നടത്തിയ സംഘത്തിലെ ഡോക്ടര്‍ അറ്റാര്‍ഡ് വ്യക്തമാക്കുന്നു.

രക്തപരിശോധനയിലൂടെ മാത്രം കാന്‍സര്‍ കണ്ടെത്താനാകുമെന്നതു ചികില്‍സാമേഖലയില്‍ വന്‍ മാറ്റമുണ്ടാക്കുമെന്ന് ഗവേഷണ സംഘത്തിലുണ്ടായിരുന്ന വാള്‍ട്ടര്‍ ആന്‍ഡ് എലിസ ഹാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസര്‍ പീറ്റര്‍ ഗിബ്സ് പറഞ്ഞു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: