യൂറോ സോണില്‍ ഏറ്റവും ഉയര്‍ന്ന മോര്‍ട്ടഗേജ് പലിശ നിരക്ക് ഈടാക്കുന്ന രാജ്യങ്ങളില്‍ അയര്‍ലണ്ട് രണ്ടാം സ്ഥാനത്ത്: ശരാശരി പലിശ നിരക്ക് 3.04 ശതമാനം

ഡബ്ലിന്‍ : യൂറോപ്പ്യന്‍ യൂണിയനില്‍ മോര്‍ട്ടഗേജ് പലിശ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ അയര്‍ലണ്ട് രണ്ടാം സ്ഥാനത്താണെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഗ്രീസാണ് യൂറോ സോണില്‍ ഏറ്റവും കൂടുതല്‍ മോര്‍ട്ടഗേജ് പലിശ ഈടാക്കുന്ന രാജ്യം. ഇവിടുത്തെ പലിശ നിരക്കുകള്‍ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. അയര്‍ലണ്ടില്‍ മോര്‍ട്ടഗേജ് ഇടപാടുകാര്‍ അടയ്ക്കേണ്ടി വരുന്ന ശരാശരി പലിശ നിരക്ക് 3.04 ശതമാനമാണ്. സ്ഥിരമായ മാസതവണകളില്‍ വായ്പ്പ തിരിച്ചടക്കുന്ന നടപടികളിലേക്ക് ഐറിഷ് ബാങ്കുകള്‍ നീങ്ങിയെങ്കിലും ഇടപാടുകാര്‍ക്ക് ഇത് അധികഭാരം ഏല്പിക്കുകയാണെന്നും സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കാണാം. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് അയര്‍ലണ്ടിലെ കൂടിയ പലിശ നിരക്ക് ബോധ്യപ്പെടുന്നത്.

വസ്തുവില കുത്തനെ ഉയര്‍ന്നതോടെ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ മുതല്‍ മുടക്കേണ്ടി വന്നു. ഇതോടെ ഉയര്‍ന്ന വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറായപ്പോള്‍ സ്വാഭാവികമായും മാസതവണ നിരക്കുകളും ഉയര്‍ന്നു. വസ്തുവില പിടിച്ചു നിര്‍ത്തിയാല്‍ മാത്രമേ ബാങ്ക് നിരക്കുകളിലും മാറ്റം വരുത്തന്‍ കഴിയുകയുള്ളു എന്ന് ഐറിഷ് ബാങ്കുകള്‍ വ്യക്തമാക്കിയിരുന്നു. യൂറോപ്പില്‍ ശരാശരി മോര്‍ട്ടഗേജ് പലിശ നിരക്ക് നിലവില്‍ 1.79 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ അയര്‍ലണ്ടില്‍ ഇത് 3.04 ശതമാനമാണ്. ഈ വ്യത്യാസം കുറച്ചുകൊണ്ട് വന്ന് ലളിതമായ തവണ വ്യവസ്ഥകള്‍ പിന്തുടരാന്‍ സെന്‍ട്രല്‍ ബാങ്ക് ഐറിഷ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. യൂറോപ്പ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന വായ്പ നിരക്കുകള്‍ പാലിക്കാനും ഐറിഷ് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ബാങ്കിങ് & പേയ്മെന്റ്സ് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം 200,000 യൂറോ മോര്‍ട്ടഗേജ് എടുത്തിട്ടുള്ള ആദ്യ തവണ വീട് വാങ്ങുന്ന ഒരാള്‍ യൂറോ സോണിലെ ശരാശരി പലിശ നിരക്കിനേക്കാള്‍ 250 യൂറോ അധികമായി അടയ്ക്കേണ്ടി വരുന്നുണ്ടെന്നാണ് കണക്ക്. പുതിയ മോര്‍ട്ടഗേജ് എഗ്രിമെന്റുകളുടെ എണ്ണം കഴിഞ്ഞ നവംബര്‍ മാസം വരെ 22 ശതമാനം വര്‍ധിച്ചതായും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ 12 മാസത്തില്‍ മൊത്തം 7.7 ബില്യണ്‍ യൂറോ മോര്‍ട്ടഗേജ് നല്‍കിക്കഴിഞ്ഞു.

മോര്‍ട്ട് ഗേജ് തവണ വ്യവസ്ഥകള്‍ ഐറിഷ് ബാങ്കുകള്‍ സുതാര്യമാക്കി ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്പിക്കുന്ന അധിക ഭാരം ഒഴിവാക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തന്നെ നടപടികള്‍ കൈകൊണ്ടേക്കുമെന്ന് സൂചനയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വായ്പ തിരിച്ചടവുമായി ബന്ധപെട്ടു ഐറിഷ് ബാങ്കുകള്‍, ഇടപാടുകാരില്‍ നിന്നും അനധികൃതമായി പലിശ നിരക്ക് ഈടാക്കിയിരുന്നു. ധനകാര്യവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ നഷ്ടപരിഹാരം നല്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: