യൂറോപ്യന്‍ യൂണിയന്‍ പിന്‍വാങ്ങല്‍ കരാറില്‍ അന്തിമതീരുമാനം നടപ്പാക്കാനുള്ള അധികാരം കൈക്കലാക്കി പാര്‍ലമെന്റ്

 

 

ബ്രെക്‌സിറ്റ് നടപടിക്രമങ്ങളുടെ ഭാഗമായി പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേക്ക് തിരിച്ചടി. ഭരണപക്ഷത്തെ 11 എം.പിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെ എല്ലാ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ അനുമതിക്ക് വിധേയമായിരിക്കണമെന്ന ഭേദഗതി പാര്‍ലമെന്റില്‍ പാസായി.

ഭേദഗതിക്ക് അംഗീകാരം ലഭിച്ചതോടെ യൂറോപ്യന്‍ യൂണിയനുമായി രണ്ടുവര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ബ്രെക്സിറ്റ് ഉടമ്പടിയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ഭാഗികമായി തള്ളിയത്. കരാര്‍ നടപ്പാക്കാനുള്ള അധികാരം മന്ത്രിമാരില്‍ നിക്ഷിപ്തമാകണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും അന്തിമ കരാര്‍ നടപ്പാക്കാനുള്ള അധികാരം പാര്‍ലമെന്റ് നേടിയെടുത്തതോടെ പ്രധാനമന്ത്രി തെരേസ മേയ് നാണക്കേടിലായി.

ബ്രെക്‌സിറ്റ് ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമമാക്കുന്ന ബില്ല് പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എം.പിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ബില്ലില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ഭേദഗതി പ്രമേയം പാസായത്. 650 എം.പിമാരില്‍ 309 പേരും ഭേദഗതിക്ക് അനുകൂലമായും 305പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു, 2019 മാര്‍ച്ച് 29-നുള്ളില്‍ ബ്രക്സിറ്റ് നടപ്പാക്കണമെന്ന പരിധി നിശ്ചയിക്കുന്ന മറ്റൊരു വോട്ടെടുപ്പ് അടുത്ത ആഴ്ച നടക്കുന്നത് തെരേസ മേയ്ക്കുള്ള മറ്റൊരു പരീക്ഷണമാണ്

അതേസമയം മുന്‍ നിശ്ചയപ്രകാരം തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: