യൂറോപ്യന്‍ യൂണിയന്റെ വിവര സംരക്ഷണ നിയമം ജി.ഡി.പി.ആര്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ പുതിയ വിവര സംരക്ഷണ നിയമമായ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ അഥവാ ജി.ഡി.പിആര്‍ മേയ് 25 വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. വിവരസാങ്കേതിക മേഖലയില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് അവരുടെ വ്യക്തിവിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നതില്‍ കൂടുതല്‍ അവകാശങ്ങളും നിയന്ത്രണാധികാരവും കല്‍പിച്ചുനല്‍കുന്ന നിയമമാണ് ജിഡിപിആര്‍

ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കണമെങ്കില്‍ കമ്പനികള്‍ക്ക് ഇനിമുതല്‍ അവരുടെ പൂര്‍ണ സമ്മതം ആവശ്യമായിവരും. അനുവാദമില്ലാതെ എന്തെങ്കിലും വിവരങ്ങള്‍ ശേഖരിക്കുകയോ അനുവാദമില്ലാതെ അവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയോ ചെയ്താല്‍ കനത്ത പിഴയൊടുക്കേണ്ടി വരും.

ടെക്ക് കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കുന്നതിനായുള്ള യൂറോപ്യന്‍ യൂണിയന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ജി.ഡി.പി.ആര്‍ എന്ന നിയമ സംവിധാനം പ്രാബല്യത്തില്‍ വരുന്നത്. 2016 ഏപ്രിലിലാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഈ നിയമം പാസാക്കിയത്. ഇതിന്റെ പൂര്‍ണരൂപം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാവിയില്‍ ആഗോളതലത്തില്‍ തന്നെ മാതൃകയാവുന്ന നിയമനിര്‍മ്മാണം കൂടിയാകും ജി.ഡി.പി.ആര്‍.

വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയോ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ ഉണ്ടായാല്‍ രണ്ട് കോടി യൂറോയോ (1500 കോടിയിലധികം രൂപ) കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 40 ശതമാനമോ പിഴയായി നല്‍കേണ്ടി വരും. 2019 ല്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ബ്രിട്ടണില്‍ ജി.ഡി.പി.ആറില്‍ നിന്നും നേരിയ ചില മാറ്റങ്ങളോടെയുള്ള നിയമമായിരിക്കും പ്രയോഗത്തില്‍ വരിക.

ജി.ഡി.പി.ആര്‍. നിയമത്തിന്റെ സഹായത്തോടെ എല്ലാ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും ടെക്ക് കമ്പനികള്‍ അവരെ കുറിച്ച് ശേഖരിച്ചുവെച്ച വിവരങ്ങള്‍ എന്തെല്ലാമെന്ന് അറിയാന്‍ സാധിക്കും. ആവശ്യമെങ്കില്‍ ആ വിവരങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യാം. ഇതോടെ ഉപയോക്താക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യത്തില്‍ ‘I agree with terms and conditions’ എന്ന സമ്മത വാക്യം നല്‍കുന്ന സമ്പ്രദായത്തില്‍ നിന്നും മാറി കമ്പനികള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായി വരും.

വിവരങ്ങള്‍ ചോര്‍ന്നുപോയാല്‍ അക്കാര്യം ബന്ധപ്പെട്ട ഉപയോക്താക്കളെയും 72 മണിക്കൂറിനുള്ളില്‍ അധികാരികളേയും അറിയിച്ചിരിക്കണം. ഇതിനായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെല്ലാം തന്നെ പ്രത്യേകം മേല്‍നോട്ട അധികാരസമിതികളുമുണ്ടാവും. ജി.ഡി.പി.ആര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള പലമാറ്റങ്ങളും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കൊപ്പം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കമ്പനികള്‍ നിലവില്‍ വരുത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള നിരവധി കമ്പനികള്‍ സേവനങ്ങളുടെ വ്യവസ്ഥകളും നിബന്ധനകളും (Terms & Conditions) പരിഷ്‌കരിച്ചതും. ശേഖരിച്ചുവെച്ച ഉപഭോക്തൃവിവരങ്ങള്‍ എന്തെല്ലാം ആണെന്ന് ഉപയോക്താക്കളെ അറിയ്ക്കാനുള്ള സംവിധാനങ്ങള്‍ അവതരിപ്പിച്ചതും ജി.ഡി.പി.ആര്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: