യൂറോപ്പ് പച്ച പുതയ്ക്കുമ്പോള്‍

251 അംഗ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് 28 അംഗരാജ്യങ്ങളില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നു തുടങ്ങി. ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇത്. തീവ്രവലതുപക്ഷത്തിന് മേല്‍ക്കൈ ഉള്ളതിനാല്‍ മുമ്പില്ലാത്ത വിധം ഛിന്നഭിന്നമായ പാര്‍ലമെന്റാണ് വരാന്‍ പോകുന്നതെന്ന് അഭിപ്രായ സര്‍വേകള്‍ വിലയിരുത്തിയിരുന്നു. ഏകദേശം അതേ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദേശീയവാദികളും പോപുലിസ്റ്റുകളും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്‌തേക്കും.

ഗ്രീന്‍സ് പാര്‍ട്ടി യൂറോപ്പിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. 2014-ല്‍ 50 എം.ഇ.പി-മാര്‍ ഉണ്ടായിരുന്നത് 67 ആയി ഉയരും. ജര്‍മ്മനിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തള്ളി ഗ്രീന്‍ പാര്‍ട്ടി പകുതിയോളം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും. അതോടെ, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, വിദേശകാര്യ പ്രതിനിധി എന്നീ പോസ്റ്റുകളിലെല്ലാം കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കും.

എക്‌സിറ്റ് പോള്‍ പ്രകാരം വലതുപക്ഷ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി ആകും. പക്ഷെ, സീറ്റുകളുടെ എണ്ണം കഴിഞ്ഞതവണ 221 എന്നതില്‍നിന്നും 178-ലേക്ക് എത്തിയേക്കാം. സോഷ്യലിസ്റ്റുകളും ഡെമോക്രാറ്റിക് ഗ്രൂപ്പുകളും നേടുന്ന സീറ്റുകള്‍ 191-ല്‍ നിന്നും 152-ആയി കുറയും.

അതോടെ ഗ്രീന്‍സ് അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയില്ലാതെ മുന്നോട്ട് പോക്ക് അസാധ്യമാവുകയും ചെയ്യും. ഫ്രാന്‍സും ഇറ്റലിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ 55 സീറ്റുകള്‍ നേടിയേക്കാം. മാറ്റൊ സാല്‍വിനിയുടെ നേതൃത്വത്തിലുള്ള ഇറ്റലിയിലെ തീവ്ര വലതുപക്ഷ ലീഗ് 27-31% വോട്ടുകള്‍ നേടി 25 സീറ്റ് വരെ നേടുമെന്നും അഭിപ്രായസര്‍വ്വേകള്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയനില്‍ ആര്‍ക്കും ഭൂരിപക്ഷം ഉണ്ടാവില്ലെന്നും, തീവ്ര വലതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ഭരിക്കാന്‍ താല്പര്യമില്ലെന്നും ഇ.ഇ.പി (യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി) നേതാവ് മന്‍ഫ്രഡ് വെയ്ബര്‍ പറഞ്ഞു. യഥാര്‍ത്ഥ വിജയികള്‍ ഗ്രീന്‍സ് പാര്‍ട്ടിയാണെന്നും, പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനായി അവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഈ പാര്‍ലമെന്റില്‍ ഒരു സുസ്ഥിര ഭൂരിപക്ഷം ഉറപ്പാക്കാന്‍, ഗ്രീന്‍സ് പാര്‍ട്ടി അനിവാര്യമാണെന്ന്’ ഗ്രീന്‍സ് കോ-ലീഡര്‍ ഫിലിപ്പ് ലെബേര്‍ട്ട്‌സും പറഞ്ഞു.

40 വര്‍ഷത്തിനടിയില്‍ ആദ്യമായി രണ്ട് ക്ലാസിക്കല്‍ പാര്‍ട്ടികള്‍ക്ക്, സോഷ്യലിസ്റ്റുകളും യാഥാസ്ഥിതികവാദികളും, ഭൂരിപക്ഷം നഷ്ടപ്പെടാന്‍ പോവുകയാണ് എന്ന് അലയന്‍സ് ഓഫ് ലിബറല്‍സ് ആന്‍ഡ് ഡെമോക്രാറ്റ്‌സ് ഫോര്‍ യൂറോപ്പ് പാര്‍ട്ടി നേതാവ് ഗെയ് വെര്‍ഹോഫ്സ്റ്റഡ് അഭിപ്രായപ്പെട്ടു.

99% വോട്ടുകള്‍ എന്നിക്കഴിഞ്ഞപ്പോള്‍ ബ്രിട്ടണിലെ ബ്രക്‌സിറ്റ് പാര്‍ട്ടിക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചിരിക്കുകയാണ്. പ്രോ-യൂറോപ്യന്‍ വാദം ഉയര്‍ത്തിപ്പിടിക്കുന്ന ലിബറല്‍ ഡെമോക്രാറ്റുകളാണ് (ലിബ് ഡെംസ്) രണ്ടാം സ്ഥാനത്ത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലേബര്‍പാര്‍ട്ടിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. 10% പോലും വോട്ടുകള്‍ നേടാനാകാതെയാണ് പ്രധാനമന്ത്രി തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയപ്പെട്ടത്.

‘ഈ വിധിയിലൂടെ രണ്ട് വലിയ പാര്‍ട്ടികള്‍ക്കും ജനം കൃത്യമായ സന്ദേശമാണ് നല്‍കുന്നത്’ എന്ന് ബ്രക്‌സിറ്റ് പാര്‍ട്ടി നേതാവ് നിഗല്‍ ഫരേജ് പറഞ്ഞു. ഇതുവരെ പുറത്തുവന്നതില്‍ 64 യൂറോപ്യന്‍ പാര്‍ലമെന്റ് മെമ്പര്‍മാരില്‍ 28 പേരും ബ്രക്‌സിറ്റ് പാര്‍ട്ടിക്കാരാണ്. ലിബ് ഡെംസ് 15, ലേബര്‍ പാര്‍ട്ടി 10, ഗ്രീന്‍സ് ഏഴ്, ടോറി (കണ്‍സര്‍വേറ്റീവ്) മൂന്ന്, പ്ലെയ്ഡ് സിമൃു ഒന്ന് എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.

Share this news

Leave a Reply

%d bloggers like this: