യൂറോപ്പ് ചുട്ടുപൊള്ളുമ്പോള്‍ അയര്‍ലണ്ടില്‍ താപനില താഴേക്ക്

അയര്‍ലണ്ടിലെ കാലാവസ്ഥ അടുത്ത രണ്ട് മാസത്തിനുള്ളില്‍ തണുപ്പേറിയതാകുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. യൂറോപ്പില്‍ പല ഇടങ്ങളിലും കഴിഞ്ഞ കുറെ മാസങ്ങളായി തുടരുന്ന ചൂട് തരംഗത്തിന് ശമനം വന്നിട്ടില്ലെങ്കിലും അയര്‍ലണ്ടില്‍ ഇതിനു വിഭിന്നമായി താപനില താഴേക്കുപോകുമെന്നാണ് കണക്കുകൂട്ടല്‍. സമീപകാലത്തെ ഏറ്റവും ചൂടേറിയ വേനല്‍കാലമായിരുന്നു അയര്‍ലണ്ടില്‍ അനുഭവപ്പെട്ടത്. അതേസമയം കഴിഞ്ഞ ജൂണില്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന അയര്‍ലണ്ടിലെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കൂപ്പുകുത്തും.

ഇന്ന് വൈകുന്നേരം അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകും. അറ്റ്‌ലാന്റിക്കിന്റെ തീരപ്രദേശങ്ങളില്‍ നിന്ന് ആരംഭിച്ച് ഇന്ന് രാത്രിയോടെ രാജ്യത്തിനെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴ ലഭിക്കും. നാളെ രാവിലെ ചില ഭാഗങ്ങളില്‍ തെളിഞ്ഞ അന്തരീക്ഷമാകുമെങ്കിലും വടക്ക് -പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കാം. താപനില പകല്‍ 14 ഡിഗ്രി സെല്‍ഷ്യസിനും 19 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും. രാത്രിയില്‍ ഇത് 7 ഡിഗ്രി സെല്‍ഷ്യസിനും 9 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ കോനാക്ട്, അള്‍സ്റ്റര്‍ മേഖലകളില്‍ തണുപ്പ് കൂടിയ കാലാവസ്ഥയായിരിക്കും.

വ്യാഴാഴ്ചയും രാജ്യത്താകമാനം ഇടിയോടുകൂടിയ വ്യാപകമായ മഴ പ്രതീക്ഷിക്കാം. താപനില 14 ഡിഗ്രി സെല്‍ഷ്യസിനും 18 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും. വാരാന്ത്യത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ കണക്കുകൂട്ടല്‍. ശനിയാഴ്ച വീണ്ടും തെളിഞ്ഞ കാലാവസ്ഥയിലേക്ക് മാറി താപനില 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ഞായറാഴ്ച വീണ്ടും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്. താപനില 15 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. മഴയും വെയിലും ഇടകലര്‍ന്നുള്ള ഈ കാലാവസ്ഥ അടുത്ത വാരത്തിലും തുടരാമെന്നാണ് മെറ്റ് ഐറാന്‍ നല്‍കുന്ന സൂചന.

 

എ എം

Share this news

Leave a Reply

%d bloggers like this: