യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് അകലുന്ന പോളണ്ട്….

യൂറോപ്യന്‍ യൂണിയന്‍ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. ബ്രെക്സിറ്റിനു പിന്നാലെ മറ്റു രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന ആശങ്ക ഏറി വരുന്നു. മധ്യയൂറോപ്പിലെ അംഗങ്ങളായ ഹംഗറി, പോളണ്ട്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ അകന്നുകൊണ്ടിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ ബില്യണ്‍ കണക്കിന് യൂറോയുടെ സഹായങ്ങള്‍ക്ക് പുറമെ ലിബറല്‍ രാഷ്ട്രീയത്തിന്റെ ആനുകൂല്യങ്ങള്‍ സ്വീകരിച്ചിട്ടുള്ള രാജ്യങ്ങളാണിവ. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അവിടങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുകളുള്ള ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വരുന്നതിനുള്ള സാധ്യത പോലുമുണ്ട്.

കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട എന്തിനെയും പോലെ യൂറോപ്യന്‍ യൂണിയന്റെ ഉള്ളിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ തുടക്കം മുതല്‍ തന്നെ വിള്ളലുകള്‍ ദൃശ്യമായിരുന്നു. സാമ്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ജെര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളൂം പോളണ്ട്, റൊമാനിയ, ഗ്രീസ് മുതലായ രാജ്യങ്ങളും തമ്മില്‍ വിപണിയുടേയും തൊഴില്‍ സംസ്‌കാരത്തിന്റെയും രാഷ്ട്രീയ നിലപാടുകളൂടേയും കാര്യത്തില്‍ ഭീമമായ അന്തരം ആണു ഉള്ളത്.

പോളണ്ടിന്റെ കാര്യമെടുത്താല്‍ യൂറോപ്യന്‍ യൂണിയനില്‍ പൗരത്വമുണ്ടായിട്ടുപോലും ജന്മനാടിനായി മരിക്കാന്‍ തയ്യാറായി വരുന്നവരുടെ എണ്ണം പോളണ്ടില്‍ വര്‍ദ്ധിക്കുകയാണ്. പോളണ്ടില്‍ മാത്രമല്ല യൂറോപ്യന്‍ യുണിയനിലുടനീളം വര്‍ധിച്ചുവരുന്ന അസ്വസ്ഥതയുടെ പ്രതിഫലനമാണിത്. നാറ്റോയിലെ പൂര്‍ണ്ണ അംഗമാണ് പോളണ്ട്. മുന്‍ സോവിയറ്റ് ചേരിയില്‍പ്പെട്ട രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ഏറ്റവും വലിയ രാഷ്ട്രം പോളണ്ട് ആയിരുന്നു. അതുകൊണ്ടുതന്നെ മറ്റേതു രാഷ്ട്രത്തേക്കാളും കൂടുതല്‍ സഹായവും യുറോപ്യന്‍ യൂണിയനില്‍നിന്നും കിട്ടുകയും ചെയ്തു. 100 ബില്യണിലധികം ഡോളര്‍ സഹായമായി ലഭിച്ചു എന്നാണ് പോളിഷ് ധനമന്ത്രാലയത്തിന്റെ കണക്ക്. യൂറോപ്യന്‍ യൂണിയനിലെ അംഗത്വം വളരെ വിലമതിക്കുന്ന ഒന്നാണ്.

എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ സ്വാധീനം വര്‍ദ്ധിക്കുന്നതില്‍ കിഴക്കന്‍ യൂറോപ്പിലെ ഹംഗറി, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെപ്പോലെതന്നെ പോളണ്ടിലും അസംതൃപ്തി വളരുകയാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പുറമെ സിറിയയില്‍നിന്നും ആഫ്രിക്കയില്‍നിന്നും കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തുന്നതിലാണ് അതിന്റെ വേരുകള്‍ കുടികൊള്ളുന്നത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച ക്വോട്ട പോളണ്ടും ഹംഗറിയും നിഷേധിച്ചു. ദേശീയവികാരം ഉളക്കിവിട്ടാണ് അതു ചെയ്തത്. യൂറോപ്യന്‍ യുണിയനിലുടനീളം ഈ പ്രവണത വളരെ ശക്തമാണ്.1989ല്‍ സോവിയറ്റ് ആധിപത്യത്തില്‍നിന്നും പുറത്തുകടന്ന പോളണ്ടിലും മറ്റു കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലുമാണ് ഈ പ്രവണത വളരെ ശക്തമായി കാണുന്നത്.

ബ്രസ്സല്‍സുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചിട്ടുള്ള ഹംഗറിയിലെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാനുമായി സഖ്യത്തിലാണ് പോളണ്ടിലെ ഗവണ്മെന്റ്. യൂറോപ്യന്‍ യൂണിയന്റെ ആഗോളവല്‍ക്കരണ ലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തെ ‘ദേശീയ വിമോചന പോരാട്ടം’ എന്നാണ് ഓര്‍ബന്‍ വിശേഷിപ്പിക്കുന്നത്. ഓര്‍ബന്റെ മാതൃക പിന്തുടരുകയാണെന്ന് ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി നേതാവ് ഏറോസ്ല കാസിന്‍സ്‌കി പറയുന്നു. അന്താരാഷ്ട്ര വാദികളായ ഇടതുപക്ഷക്കാര്‍ക്കെതിരെ ദേശീയവാദികളായ ടര്‍ക്കി പ്രസിഡന്റ് റെസിപി തയ്യിപ് എര്‍ദോഗനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനും ഒപ്പമാണ് അവര്‍ നിലകൊള്ളുന്നത്. ബ്രിട്ടന്റെ വേറിട്ടുപോകല്‍ പോലെയുള്ള പ്രശ്നങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ വിഷമകരമായ അവസ്ഥ നേരിടുമ്പോള്‍ മുന്‍ കമ്മ്യൂണിസ്റ്റ് ബ്ലോക്കില്‍പ്പെട്ട രാഷ്ട്രങ്ങള്‍ക്കും പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഭിന്നത വളര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളില്‍ പോളണ്ടിന്റെ പല യൂറോപ്യന്‍ യൂണിയന്‍ അനുകൂലികളും രോഷാകുലരാണ്.

പോളണ്ടിന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വ പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കുന്നതിനു വലിയ പങ്കുവഹിച്ച ബെര്‍ലിനുമായി ഇന്ന് അവര്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്. രണ്ടാം ലോക യുദ്ധകാലത്ത് നാസി ജര്‍മ്മനി പോളണ്ടിലുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് ജര്‍മ്മനി ബില്യണ്‍ കണക്കിന് യൂറോയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടതെന്ന് പറയുന്ന പോളണ്ട് അതുടനെ നല്‍കാനും ആവശ്യപ്പെടുകയാണ്. എന്നാല്‍ ഇതുസംബന്ധിച്ച പോളണ്ടിലെ ഗവണ്‍മെന്റില്‍നിന്നും ഔദ്യോഗികമായ അഭ്യര്‍ത്ഥനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജര്‍മന്‍ ഗവണ്മെന്റ് നല്‍കുന്ന വിശദീകരണം. അതേ സമയം ബ്രസ്സല്‍സിന്റെ നയങ്ങളില്‍ ജനം അസംതൃപ്തരുമാണ്. 2014ല്‍ യുക്രയിനില്‍ റഷ്യ സൈനികമായി ഇടപെട്ടതിനു ശേഷം പോളണ്ടില്‍ പലരും റഷ്യയുടെ ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ്. റഷ്യ ക്രീമിയ പിടിച്ചടക്കിയ സമയത്ത് രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് കരുതിയവര്‍ 15% മാത്രമായിരുന്നെങ്കില്‍ 4 വര്‍ഷങ്ങള്‍ക്കു ശേഷം അങ്ങനെ കരുതുന്നവര്‍ 40%മാണ്. ബാള്‍ട്ടിക് രാഷ്ട്രങ്ങളുടെ അതിര്‍ത്തിയില്‍ റഷ്യ ഇപ്പോള്‍ വലിയ തോതിലാണ് സൈനിക കേന്ദ്രീകരണം നടത്തിയിട്ടുള്ളത്. 2018 ലെ ബജറ്റില്‍ 153 മില്യണ്‍ ഡോളറാണ് ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സിനായി നീക്കിവച്ചിട്ടുള്ളത്. നാവിക സേനക്കായി അനുവദിച്ച തുകയ്ക്ക് തുല്യമാണത്. രാജ്യത്തിനുവേണ്ടി പോരാടി മരിക്കുകയെന്നത് ദേശാഭിമാനപരമായ പ്രവൃത്തിയാണെന്ന് പോളണ്ടിലെ 88% പേരും കരുതുന്നതായാണ് അടുത്തിടെ ഒരു സര്‍വേയില്‍ തെളിഞ്ഞത്.

യൂറോപ്യന്‍ യൂണിയനിലെ അംഗമെന്ന നിലയില്‍ പോളണ്ടിനെ നിരാശപ്പെടുത്തുന്ന മറ്റു കാര്യങ്ങളുമുണ്ട്. സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ഫലമായി വിദേശങ്ങളില്‍ തുറന്നുകിട്ടിയ തൊഴില്‍ വിപണികളിലേക്ക് പോളണ്ടുകാര്‍ കൂട്ടത്തോടെ പോകുന്ന സ്ഥിതിയുണ്ടായി. പോളണ്ടിലെ 38 മില്യണ്‍ ജനങ്ങളില്‍ 2 മില്യണിലേറെയും ബ്രിട്ടണ്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലാണ്. ഇത് ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രധാന സേവന മേഖലകളെ ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധത്തിനുപോലും ആളില്ലാത്ത അവസ്ഥയുണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. പോളണ്ടിലെ ജനസംഖ്യയില്‍ 0.7% കുറവ് സംഭവിച്ചിട്ടുണ്ട്. ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവജാത ശിശുക്കള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നത്. പെന്‍ഷന്‍ നേടാന്‍ കഴിയുംവിധം ജോലി ചെയ്യാത്ത നാലു മക്കളെങ്കിലുമുള്ള അമ്മമാര്‍ക്ക് പെന്‍ഷന്‍, ചെലവ് കുറഞ്ഞ പാര്‍പ്പിട സംവിധാനം എന്നിവയൊക്കെ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സന്താനോല്‍പ്പാദനം നീട്ടിക്കൊണ്ടു പോകാതിരിക്കാന്‍ ദമ്പതിമാരെ പ്രേരിപ്പിക്കുന്ന ലഘുലേഖകള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനിലെ അംഗത്വം പൊള്ളയായ ഒരു കാര്യമായിട്ടാണ് പോളണ്ടില്‍ പലരും കാണുന്നത്. വിവിധ ദേശീയ താല്‍പ്പര്യങ്ങളെ കോര്‍ത്തിണക്കാന്‍ യൂറോപ്യന്‍ യൂണിയന് കഴിഞ്ഞിട്ടില്ലെന്ന് ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. രാജ്യത്തിന്റെ മഹത്തായ ഭൂതകാലത്തെക്കുറിച്ചുള്ള സ്മരണകള്‍ ഉണര്‍ത്തി ജനങ്ങളുടെ വികാരത്തെ രാഷ്ട്രീയക്കാര്‍ ചൂഷണം ചെയ്യുന്നത് ആഗോള പ്രവണതയാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വക്താക്കള്‍ പറയുന്നത്. രാജ്യത്തിന്റെ ഗതകാല പ്രതാപം ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ ചരിത്രം, സാഹിത്യം, പൗര സമൂഹം, ഭൂമിശാസ്ത്രം എന്നിവക്ക് ഊന്നല്‍ നല്‍കി സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചിരിക്കുകയാണ് ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ഗവണ്മെന്റ്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന്റെ നേട്ടങ്ങളും ചിലവുകളും എന്നതും പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ദേശീയ വികാരം ഉണര്‍ത്തുക എന്നതാണ് ലക്ഷ്യം. നാസി ജര്‍മനിയുടെ അധിനിവേശ കാലത്തിന്റെ ഇരയെന്ന രീതിയിലും പോളണ്ടിനെ ഉയര്‍ത്തിക്കാട്ടുകയാണ്.

ഇത്തരത്തില്‍ യൂറോപ്യന്‍ യൂണിയന്റെ അടിത്തറയ്ക്ക് വിള്ളല്‍ വീഴുന്നത് വ്യത്യസ്തമായ ഒരു രാഷ്ട്രീയ പരീക്ഷണത്തിന്റെ പരിണാമം എന്ന നിലയില്‍ വരും നാളുകളില്‍ ആഗോള സാമ്പത്തിക രാഷ്ട്രീയ സന്തുലനത്തിലും കാര്യമായി പ്രതിഫലിക്കും.

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: