യൂറോപ്പുകാര്‍ക്ക് ഇനി യുകെ യിലേക്കുള്ള യാത്ര ചെലവ് കൂടും ; ഇന്റര്‍ റെയില്‍ പദ്ധതിയില്‍ നിന്നും ബ്രിട്ടീഷ് റയില്‍വേ പിന്‍വാങ്ങുന്നു: യു.കെ യാത്രയ്ക്ക് ബ്രിട്ട് റെയില്‍ പാസ് നിര്‍ബന്ധമാകും

ഡബ്ലിന്‍ : യൂറോപ്പില്‍ മുഴുവന്‍ യാത്ര അനുവദിക്കപ്പെടുന്ന ഇന്റര്‍ റെയില്‍ പദ്ധതിയില്‍ നിന്നും ബ്രിട്ടീഷ് റയില്‍വേ പുറത്താകുന്നു. 2020 മുതല്‍ യൂറോപ്പുകാര്‍ക്ക് ബ്രിട്ടനില്‍ യാത്ര ചെയ്യാന്‍ ഇന്റര്‍റെയില്‍ പാസ് അനുവദനീയമല്ല മറിച്ച് ഇവര്‍ ബ്രിട്ട് റെയില്‍ പാസ് എടുക്കേണ്ടിവരും. ഒരു നിശ്ചിത ട്രെയിന്‍ നിരക്കില്‍ യൂറോപ്പില്‍ മുഴുവന്‍ സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചിരുന്ന 50 വര്‍ഷത്തോളം പഴക്കമുള്ള ഒരു പദ്ധതിയാണ് ഇതിലൂടെ നഷ്ടമാകുന്നത്. യു,കെ യില്‍ ഉള്ളവരുടെ യാത്രയെ ഇത് ബാധിക്കില്ലെങ്കിലും മറ്റു യൂറോപ്പുകാര്‍ക്ക് ഈ നടപടി കനത്ത നഷ്ടം ഉണ്ടാകും.

യൂറോപ്പില്‍ മുഴുവന്‍ യാത്ര ചെയ്യാന്‍ ഇന്റര്‍ റെയില്‍ പാസ് മതിയെന്നിരിക്കെ ബ്രിട്ടനിലൂടെ സഞ്ചരിക്കാന്‍ ബ്രിട്ട് റെയില്‍ പാസ് കൂടി എടുക്കേണ്ടിവരും. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ഇതിനു പിന്നിലെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. എന്നാല്‍ അത്തരമൊരു ബന്ധമില്ലെന്നാണ് ബ്രിട്ടീഷ് റയില്‍വെയുടെ മറുപടി. ഒരുമാസത്തെ ഇന്റര്‍ റെയില്‍ പാസ് എടുക്കാന്‍ മുതിര്‍ന്നവര്‍ക്ക് 603 യൂറോയും, 12 നും 27 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 464 യൂറോയുമാണ് ചെലവ് , നിലവില്‍ ഈ പാസ് ഉപയോഗിച്ച് യു.കെ യിലും യാത്ര ചെയ്യാം. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ യു.കെ യിലൂടെയുള്ള യാത്രയ്ക്ക് ഏകദേശം എത്രയും തുക മുടക്കി മറ്റൊരു പാസ് കൂടി എടുക്കേണ്ടി വരും.

യു.കെ യെ യൂറോപ്പുമായി വേര്‍പെടുത്തുന്ന നടപടിയ്‌ക്കെതിരെ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടന്‍ തന്നെ ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നും ആവശ്യം ഉയരുന്നുണ്ട്. വിനോദസഞ്ചാര സീസണില്‍ പുതിയ നിയമം രാജ്യത്തെ വളര്‍ച്ച കുറയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്റര്‍റയിലില്‍ പാസ് എടുക്കുന്നവര്‍ യു,കെ ഒഴിവാക്കി മറ്റു സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ യു.കെ യുടെ ഹോസ്പിറ്റാലിറ്റി മേഖല തകരുമെന്നും മുന്നറിയിപ്പുണ്ട്. ഇന്റര്‍ റെയില്‍ യാത്ര തെരഞ്ഞെടുക്കുന്ന സഞ്ചാരികള്‍ അത്രെയും തന്നെ തുക ചെലവാക്കി വീണ്ടും ബ്രിട്ട് പാസ് എടുത്ത് യു.കെ യാത്ര നടത്താനുള്ള സാധ്യതയും കുറവാണ്. ഈ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Share this news

Leave a Reply

%d bloggers like this: