യൂറോപ്പില്‍ ‘കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ‘യൂറോപ്പ്യന്‍ യൂണിയന്‍’.

സ്ട്രാസ്ബര്‍ഗ് : ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ സമ്മേളനത്തിന് മുന്നോടിയായി യൂറോപ്പില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യൂറോപ്പ്യന്‍ യൂണിയന്‍. വരും വര്‍ഷങ്ങളില്‍ യൂറോപ്പിനെ ഹരിതാഭമാക്കാനുള്ള പ്രവര്‍ത്തങ്ങളുടെ മുന്നോടിയായാണ് പുതിയ പ്രഖ്യാപനം. ലോകം പാരിസ്ഥിതിക അടിയന്തരാവസ്ഥയെ നേരിടുകയാണെന്നും അതിനെ മറികടക്കാന്‍ കൃത്യമായ പദ്ധതികള്‍ വേണമെന്നും 153 രാജ്യങ്ങളില്‍ നിന്നുള്ള പതിനോരായിരം ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

യൂണിയന്റെ പരിസ്ഥിതി വിഭാഗവുമായി ബന്ധപ്പെട്ട ഫ്രഞ്ച് എം ഇ പി പാസ്‌ക്കല്‍ ക്യാന്‍ഫിന് ആണ് ഈ പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. 2030 യൂറോപ്പില്‍ 55 ശതമാനത്തോളം ഹരിത ഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുകയാണ് ഈ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ യൂറോപ്പ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നത്.

2050 ഓടെ ആഗോള താപനവര്‍ധന തോത് രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് പാരീസ് ഉടമ്പടിയുടെ പ്രധാന സവിശേഷത. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക താപനിലയിലെ വര്‍ധനവ് ക്രമേണ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് പരിമിതപ്പെടുത്തുക എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്. ഈ ഉടമ്പടി അതേപോലെ പ്രാവര്‍ത്തികമാക്കാനാണ് ഇപ്പോള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തീരുമാനിച്ചിരിക്കുന്നത്.

2030 ഓടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം 55 ശതമാനം കുറയ്ക്കുകയെന്ന കടുത്ത ലക്ഷ്യത്തെയാണ് എംഇപിമാര്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ അത് 40 ശതമാനം ആയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതും അപര്യാപ്തമാണെന്നാണ് ഗ്രീന്‍ എം.പിമാര്‍ പറയുന്നത്. അതിനിടെ, നിലവിലെ സാഹചര്യത്തെ ‘ക്ലൈമറ്റ് എമര്‍ജന്‍സി’ എന്നല്ല ‘ക്ലൈമറ്റ് അര്‍ജന്‍സി’ എന്നാണ് വിളിക്കേണ്ടത് എന്ന വിഷയത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ പാര്‍ട്ടിയായ സെന്റര്‍-റൈറ്റ് യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്നുള്ള എംഇപിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായി

കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും യു എസ് പിന്മാറിയതോടെ ഇതുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം യൂറോപ്പിന് മേല്‍ വര്‍ധിച്ചതായും ബില്‍ പാസ്സാക്കികൊണ്ട് പുതിയ യൂണിയന്‍ പ്രസിഡന്റ് ഊര്‍സ്വല വോന്‍ ഡെയര്‍ ലെയ്ന്‍ വ്യക്തമാക്കി. ഇതോടൊപ്പം ‘യൂറോപ്യന്‍ ഗ്രീന്‍ ഡീല്‍’ കൊണ്ടുവന്ന് പരമാവധി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും യൂണിയന്‍ നടപടി ആരംഭിച്ചു. ഇ യു പാര്‍ലമെന്റ് തുടങ്ങുന്നതിന് മുന്നോടിയായി പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരെ സമരം നടത്തുന്ന ഒരു കൂട്ടം യുവാക്കള്‍ പ്ലേ കാര്‍ഡുകളുമായി എത്തിയിരുന്നു.

കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ യൂറോപ്പില്‍ ആരംഭിച്ചുവെന്നും, കടല്‍ നിരപ്പുകള്‍ വളരെയധികം ഉയര്‍ന്നതായും ശാസ്ത്രീയ തെളിവുകള്‍ നിരത്തി ഒരു വിഭാഗം എം ഇ പി മാര്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചു; ഏറ്റവും ഒടുവിലായി വെനീസില്‍ ഉണ്ടായ വെള്ളപ്പൊക്കവും ചര്‍ച്ചാവിഷയമായി. ഈ വര്‍ഷം മുതല്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യൂറോപ്പില്‍ നിന്നും പ്ലാസ്റ്റിക്കിന്റെ പടികടത്താനുള്ള നിയമനിര്‍മ്മാണവും യൂണിയന്‍ ആരംഭിച്ചിരുന്നു. ഗതാഗത മേഖല പൂര്‍ണമായും പെട്രോള്‍ – ഡീസല്‍ രഹിതമാക്കാനും അംഗരാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: