യൂറോപ്പില്‍ കുടിയേറ്റവിരുദ്ധ വികാരം ശക്തമാകുന്നു, മലയാളികള്‍ ആശങ്കയില്‍

പാരീസ് ഭീകരാക്രണത്തിന് ശേഷം ലോകമെങ്ങും ഇസ്ലാമോഫോബിയയും കുടിയേറ്റവിരുദ്ധ വികാരവും ശക്തിപ്പെടുകയാണ്. ഏഷ്യക്കാരെല്ലാം മുസ്ലീങ്ങളും ഐഎസുമാണെന്ന് മുന്‍വിധിയോടെ പെരുമാറുന്ന കാഴ്ചയാണ് പലയിടങ്ങളിലും ദൃശ്യമാകുന്നത്. പലയിടത്തും കുടിയേറ്റക്കാര്‍ക്കെതിരായി റാലികളും പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. മുസ്ലീം പള്ളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നു. ഏഷ്യന്‍ കടകള്‍ക്ക് നേരെയും ആക്രണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്‌കോട്‌ലന്‍ഡില്‍ ഏഷ്യന്‍ ടേക്ക് എവെ ഉടമയെ ഐഎസുകാരനാണെന്ന് ആക്രോശിച്ച് ഒരു സംഘം മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആക്രമികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പാരീസ് ഭീകരാക്രമണം നടന്ന അന്നു തന്നെ ഫ്രാന്‍സിലെ അഭയാര്‍ത്ഥി കേന്ദ്രത്തിനും തീവെച്ചിരുന്നു. തീവ്രവാദികളാണോ അതോ തീവ്രവാദ ആക്രമണത്തില്‍ രോഷാകുലരായ ആരെങ്കിലുമാണോ ഇത് ചെയ്തത് എന്ന വ്യക്തമല്ല. പാരീസ് ആക്രണത്തിന് ശേഷം ഫ്രാന്‍സില്‍ നിന്നാരംഭിച്ച ഇസ്ലാമിക-കുടിയേറ്റ വിരുദ്ധ വികാരം യൂറോപ്പിലാകെ പടര്‍ന്നുപിടിക്കുകയാണ്. ഐഎസ് ഭീകരാക്രണം സാധാരണക്കാരായ മുസ്ലീം സമുദായത്തിനും ഏഷ്യന്‍ വംശജര്‍ക്കും ഭീഷണിയായിരിക്കുകയാണ്. എങ്ങും സംശയത്തിന്റെ നിഴലുകളാണ്.

പാരീസ് ആക്രമണത്തോടെ വലതുപക്ഷവും ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. മുസ്ലീമുകളെ പുറത്താക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധപ്രകടനങ്ങളും ശക്തമാണ്. സ്വീഡനിലും മറ്റും വംശീയ റാലികള്‍ ആരംഭിച്ചുകഴിഞ്ഞു. അഭയാര്‍ത്ഥികള്‍ക്കായി വാതിലുകള്‍ തുറന്നിടുന്നതില്‍ തദ്ദേശീയരായ ജനതയ്ക്ക് മുന്‍പില്ലാത്തവിധം എതിര്‍പ്പുകളുണ്ടായി തുടങ്ങിയിരിക്കുന്നു. അഭയാര്‍ത്ഥി പ്രവാഹം വര്‍ധിച്ചതോടെ അഭയാര്‍ത്ഥികളും തദ്ദേശീയരും തമ്മിലുള്ള ഉരസലുകളും തലപൊക്കി തുടങ്ങിയിരുന്നു. പാരീസ് ഭീകരാക്രണത്തോടെ അഭയാര്‍ത്ഥികള്‍ക്കെതിരെയും നിയമാനുസൃത കുടിയേറ്റക്കാര്‍ക്കെതിരെയും വരെ വിദ്വേഷം രൂക്ഷമായിരിക്കുകയാണ്. അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രാജ്യത്തിന്റെ അതിര്‍ത്തി കടന്നെത്തുന്നവരെ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഭീഷണിയെതുടര്‍ന്ന് കോപ്പന്‍ഹേഗന്‍ വിമാനത്താവളം ഇന്നലെ ഒഴിപ്പിക്കുകയും പാരീസിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ട് അടയന്തിരമായ പരിശോധിക്കുകയും ചെയ്തിരുന്നു. വത്തിക്കാനില്‍ വരെ ആക്രമണം നടത്തുമെന്ന ഐഎസ് ഭീഷണിയെ തുടര്‍ന്ന് കന്യാസ്ത്രീകള്‍ക്ക് പോലും കര്‍ശനമായ പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളങ്ങളിലും മറ്റും പരിശോധനയ്ക്കായി യാത്രക്കാര്‍ക്ക് മണിക്കൂറുകളാണ് കാത്തിരിക്കേണ്ടി വരുന്നത്.

ഭീകരക്രമണത്തെ തുടര്‍ന്ന് യൂറോപ്പിലാകെ പടര്‍ന്നുപിടിച്ചിരിക്കുന്ന കുടിയേറ്റവിരുദ്ധ വികാരം മലയാളികളടക്കമുള്ള കുടിയേറ്റക്കാരെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പാരീസ് ആക്രമണത്തിന് ശേഷം ഏഷ്യക്കാരെല്ലാം മുസ്ലീമുകളും ഐഎസുമാണെന്ന് മുന്‍വിധിയാണ് യൂറോപ്പിലെങ്ങും ദൃശ്യമാകുന്നത്. ഷോപ്പുകളിലും മറ്റും പരസ്പരം കാണുമ്പോള്‍ ഒരു ചിരി സമ്മാനിച്ചിരുന്നവരുടെ കണ്ണുകളില്‍ ഇപ്പോള്‍ സംശയത്തിന്റെ തീപ്പൊരികളാണ് എരിയുന്നത്. ഏതുനിമിഷവും എവിടെയും ഭീകരാക്രണമുണ്ടാകാം എന്ന ഐഎസിന്റെ ഭീഷണി എല്ലാവരേയും ചകിതരാക്കിയിരിക്കുകയാണ്. റസ്‌റ്റോന്റില്‍, തീയറ്ററില്‍, പാര്‍ക്കില്‍, ഷോപ്പിംഗ് മാളുകളില്‍ എല്ലാം ഏതുനിമിഷവും ഒരു വെടിവെയ്പ്പുണ്ടാകാം, ഒരു ചാവേര്‍ പൊട്ടിത്തെറിക്കാം. അത്രയേറെ ലോകത്തെ ഭയാശങ്കയിലാഴ്ത്താന്‍ പാരീസ് ആക്രമണത്തിന് കഴിഞ്ഞിരിക്കുന്നു. ഈജിപ്റ്റിലെ സിനായില്‍ വിനോദസഞ്ചാരികളുമായ റഷ്യന്‍ വിമാനം തകര്‍ന്നുവീണ് 224 പേര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഐഎസ് ഭീകരരാണെന്ന് സ്ഥിരീകരിച്ചതും പാരീസിന്റെ പലസ്ഥങ്ങളില്‍ ഒരേസമയം നടന്ന ഭീകരാക്രമണത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടതും യുഎസും റഷ്യയും ഫ്രാന്‍സുമടക്കമുള്ള ലോകശക്തികള്‍ ഐഎസിനെതിരെ പോരാടിയിട്ടും ഐഎസ് ശക്തമായി വളരുന്നുവെന്നതിന്റെ സൂചനയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: