യൂറോപ്പില്‍ ഇനി ഹയാബുസയുടെ ഇരമ്പലില്ല; നിലയ്ക്കുന്നത് 20 വര്‍ഷത്തെ കുതിപ്പ്

സ്പോര്‍ട്സ് ബൈക്ക് ശ്രേണിയുടെ തുടക്കകാരന്‍ എന്ന വിശേഷണത്തിന് പോലും അര്‍ഹമായിട്ടുള്ള വാഹനമാണ് സുസുക്കിയുടെ ഹയാബുസ. ഏതൊരു ബൈക്ക് പ്രേമിയും ആദ്യമായി കേട്ടിരിക്കുന്ന സ്പോര്‍ട്സ് ബൈക്കും ഇതായിരിക്കും. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത ഈ വാഹനം പതുക്കെ നിരത്തൊഴിയുകയാണ്.

വിടപറയുന്നതിന്റെ ആദ്യപടിയായി യുറോപ്യന്‍ വിപണിയില്‍ നിന്ന് ഈ ഡിസംബര്‍ 31-ഓടെ ഹയാബുസ അപ്രത്യക്ഷമാകും. 2013-ല്‍ യൂറോപില്‍ പ്രാബല്യത്തില്‍ വന്ന സുരക്ഷാ മാനദണ്ഡങ്ങളും എമിഷന്‍ നിര്‍ദേശങ്ങളും പാലിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഈ വാഹനത്തിന്റെ ഉത്പാദനം നിര്‍ത്താന്‍ 2016-ല്‍ അധികൃതര്‍ കമ്പനിയോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയ വാഹനം വിറ്റഴിക്കാനാണ് 2018 ഡിസംബര്‍ വരെ സമയം നല്‍കിയത്.

യുറോപ്പിലെ പോലെ തന്നെ സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലും ഹയാബുസയുടെ നിര്‍മാണവും വിതരണവും അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍, 2019 അവസാനം വരെ അമേരിക്കയില്‍ ഹയാബുസ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1998-ലാണ് ഹയാബുസ എന്ന ഭീമന്‍ ബൈക്ക് പുറത്തിറങ്ങുന്നത്. എയറോ ഡയനാമിക് ഡിസൈനില്‍ മസ്‌കുലര്‍ ഭാവം നല്‍കി നിര്‍മിച്ച ഹയാബുസ മണിക്കൂറില്‍ 200 മൈല്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ആദ്യ ബൈക്കായിരുന്നു. 266 കിലോഗ്രാമായിരുന്നു ഹയാബുസയുടെ ആകെ ഭാരം.

ആറ് സ്പീഡ് ഗിയര്‍ബോക്സില്‍ 1340 സിസി ലിക്വിഡ് കൂള്‍ഡ് ഫോര്‍ സിലണ്ടര്‍ എന്‍ജിനാണ് ഹയാബുസയ്ക്ക് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 197 ബിഎച്ച്പി പവറും 155 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സ്പോര്‍ട് ശ്രേണിയില്‍ എത്തിയ വാഹനമായിരുന്നതിനാല്‍ തന്നെ കരുത്തുറ്റ സുരക്ഷ സംവിധാനമായിരുന്നു ഹയാബുസയിലുണ്ടായിരുന്നത്. മുന്നില്‍ ട്വിന്‍ ഡിസ്‌ക് പിന്നില്‍ സിംഗിള്‍ ഡിസ്‌കിനുമൊപ്പം ഡുവല്‍ ചാനല്‍ എബിഎസാണ് ഹയാബുസയ്ക്ക് സുരക്ഷ ഒരുക്കിയിരുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: