യൂറോപ്പിലെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ ഗൂഗിള്‍ ആപ്പുകള്‍ക്ക് ഇനിമുതല്‍ പണം നല്‍കേണ്ടി വരുമെന്ന് സൂചന

യൂറോപ്പിലെ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കള്‍ ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറിനും മറ്റ് ഗൂഗിള്‍ ആപ്പുകള്‍ക്കും പണം നല്‍കേണ്ടി വരുമെന്ന് സൂചന. ഇതുവരെ സൗജന്യമായി നല്‍കിയിരുന്ന പ്ലേ സ്റ്റോറും ഒരു ഡസനിലേറെ ഗൂഗിള്‍ ആപ്പുകളുമാണ് ഗൂഗിള്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ലോകമെങ്ങും വിറ്റഴിക്കപ്പെടുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ജിആപ്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഗൂഗിള്‍ ആപ്പുകള്‍ ആണ് ഫോണിന്റെ ആത്മാവ് തന്നെ. ഫോണ്‍ ഉപയോഗിച്ചു തുടങ്ങുന്ന ഒരാള്‍ക്ക് വേണ്ടതെല്ലാം ഒരുക്കിയാണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ക്രോം, ആന്‍ഡ്രോയ്ഡ് മെസ്സേജസ്, ഗൂഗിള്‍ പ്ലേ മ്യൂസിക്, പ്ലേ മൂവീസ്, പ്ലേ ബുക്സ് എന്നിങ്ങനെയുള്ള ആപ്പുകളെല്ലാം എത്തുന്നത്.

എന്നാല്‍, അടുത്തിടെ യൂറോപ്യന്‍ കമ്മീഷന്‍ ഗൂഗിളിന് 5 കോടി ഡോളര്‍ പിഴയിടുകയും ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇത്തരത്തില്‍ ഗൂഗിള്‍ ആപ്പുകള്‍ നല്‍കുന്നത് ഉപയോക്താവിന്റെ തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത്തരത്തില്‍ ആപ്പുകള്‍ അടിച്ചേല്‍പിക്കുന്നത് അവസാനിപ്പിക്കണമെന്നും നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആപ്പുകള്‍ ഒന്നാകെ സൗജന്യമായി നല്‍കുന്നത് അവസാനിപ്പിച്ച് നിര്‍മാതാക്കളുടെ ആവശ്യപ്രകാരം വേണ്ട ആപ്പുകള്‍ ഒന്നിന് 35 യൂറോ വീതം വിലയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നിര്‍മാതാക്കള്‍ക്ക് ആവശ്യമെങ്കില്‍ ഗൂഗിള്‍ ആപ്പുകള്‍ ഇല്ലാതെ ആന്‍ഡ്രോയ്ഡ് മാത്രം വാങ്ങാനും സാധിക്കും. പുതിയ നിയമപ്രകാരം ഓരോ ഗൂഗിള്‍ ആപ്പിനും വെവ്വേറെ ലൈസന്‍സും ആവശ്യമായി വരും. ഇതോടെ മൊത്തം സ്മാര്‍ട്ഫോണിന്റെ വിലയും വര്‍ധിക്കും.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: