യൂറോപ്പിനെ ഞെട്ടിച്ച് ബള്‍ഗേറിയയിലെ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം

ബള്‍ഗേറിയയില്‍ മാധ്യമപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തു കൊന്ന സംഭവത്തില്‍ അന്വേഷണം ശക്തമാക്കുന്നു. വിക്ടോറിയ മാരിനോവ എന്ന മുപ്പതുകാരിയാണ് കൊല ചെയ്യപ്പെട്ടത്. അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നയാളാണ് മാരിനോവ. ശനിയാഴ്ചയാണ് സംഭവം. യൂറോപ്പില്‍ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തകയാണ് വിക്ടോറിയ.

കൊലയുടെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകള്‍ യൂറോപ്പിലെമ്പാടും വളര്‍ന്നിരിക്കുകയാണ് ഈ സംഭവത്തിനു ശേഷം. സത്യത്തിനു വേണ്ടി പോരാടിയ ധീരയായ മാധ്യമപ്രവര്‍ത്തക പോരാടി മരിച്ചുവെന്ന് ബ്രസ്സല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ വൈസ് പ്രസിഡണ്ട് ഫ്രാന്‍സ് ടിമെറന്‍സ് പറഞ്ഞു. അന്വേഷണം നടത്തുന്ന ബള്‍ഗേറിയയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു.

അതെസമയം മാരിനോവയുടെ കൊലപാതകം അവരുടെ ജോലിയുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥാപിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷകര്‍ പറയുന്നു. ഒരു മനോരോഗ കേന്ദ്രത്തിനടുത്തുള്ള പാര്‍ക്കില്‍ വെച്ചാണ് മാരിനോവ കൊല്ലപ്പെട്ടത്. ഏതെങ്കിലും മനോരോഗിയാണോ കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മികച്ച ക്രിമിനോളജിസ്റ്റുകളെയാണ് കൊലപാതകം നടന്ന റൂസിലേക്ക് അയച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി ബോയ്‌കോ ബോറിസോവ് പറഞ്ഞു. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നതു സംബന്ധിച്ച ഒരു വാര്‍ത്ത ചെയ്തു കൊണ്ടിരിക്കുകയായിരുന്നു മാരിനോവ. ഈ വാര്‍ത്തയുടെ ആദ്യഭാഗം മാത്രമേ പുറത്തുവന്നിരൂന്നുള്ളൂ. അടുത്ത ഭാഗം പുറത്തുവരാനിരിക്കെയാണ് കൊലപാതകം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: