യൂറോപ്പിനെ അടിമുടി ഉലച്ച സാമ്പത്തിക പ്രതിസന്ധി പിന്നിട്ട് നിര്‍ണായകമായ പത്തു വര്‍ഷങ്ങള്‍

അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളെ തകിടം മറിച്ച സാമ്പത്തിക പ്രതിസന്ധി നിര്‍ണായകമായ പത്തു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഗ്രീസ്, ഇറ്റലി, പോര്‍ച്ചുഗല്‍ തുടങ്ങിയ പ്രമുഖരാജ്യങ്ങളില്‍ ഭരണകൂടങ്ങളെ ഉലയ്ക്കാനും തുര്‍ക്കി പോലുള്ള രാജ്യങ്ങളില്‍ ആഭ്യന്തര സംഘര്‍ഷം മൂര്‍ച്ഛിക്കാനുമിടയാക്കിയ തരത്തിലാണ് സാമ്പത്തികമാന്ദ്യം ആഞ്ഞടിച്ചത്. ശക്തരായ ബ്രിട്ടണ്‍ യൂറോപ്പില്‍ നിന്നു പിന്‍വാങ്ങാനുള്ള ബ്രെക്സിറ്റ് നടപ്പാക്കി. 2007-ല്‍ അമേരിക്കയില്‍ തുടങ്ങിയ മാന്ദ്യം പതുക്കെ യൂറോപ്പിനെയും ഗ്രസിക്കുകയായിരുന്നു. 2009-ല്‍ യൂറോ സോണില്‍പ്പെട്ട രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടു. ഗ്രീസ്, അയര്‍ലന്റ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വന്‍കിട ബാങ്കുകളെ രക്ഷപെടുത്താന്‍ സംരക്ഷണ പായ്ക്കെജുകള്‍ പ്രഖ്യാപിച്ചതാണ് ഇതിനു കാരണം. ഇത് ഈ രാജ്യങ്ങളെ വന്‍ കടബാധ്യതയിലേക്കു നയിച്ചു. ബജറ്റ് കമ്മി ആഭ്യന്തരകടം പെരുപ്പിക്കുകയും വ്യാവസായിക വളര്‍ച്ചയെ മുരടിപ്പിക്കുകയും ചെയ്തു.

ആദ്യം തന്നെ ബെല്‍ജിയത്തിലെ ബാങ്കുകളെ പിടികൂടിയ മാന്ദ്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തമായി ഇടപെട്ടു. നിരവധി സാമ്പത്തിക പായ്ക്കെജുകള്‍ ആസൂത്രണം ചെയ്തിട്ടും സ്ഥിതി വഷളായി. പിന്നീട് മാന്ദ്യം ഗ്രീസിനെ ബാധിക്കുകയും കലാപത്തിലേക്കു തള്ളിവിടുകയുമായിരുന്നു. തുടര്‍ന്ന് യൂറോപ്യന്‍ മേഖലയെ എമ്പാടും മാന്ദ്യം ബാധിച്ചു. അയര്‍ലന്റ്, പോര്‍ച്ചുഗല്‍, ഗ്രീസ്, സ്പെയിന്‍ തുടങ്ങിയ ഒരുകാലത്തെ സാമ്പത്തിക ശക്തികള്‍ ഇക്കാലത്ത് ചെലവുചുരുക്കലിന് സന്നദ്ധരായി. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മേഖല നേരിടുന്ന ഏറ്റവും വലിയ ദുരന്തമായാണ് വിലയിരുത്തപ്പെട്ടത്. രാജ്യങ്ങള്‍ കൂടിയാലോചനയിലൂടെ ഏക കറന്‍സിയായി തെരഞ്ഞെടുത്ത യൂറോയുടെ മൂല്യം തകര്‍ന്നു കൊണ്ടിരിക്കുന്നു.

2007-ല്‍ മാന്ദ്യം നേരിട്ടതിനു പിന്നാലെ മൂന്നു വര്‍ഷമെടുത്താണ് അയര്‍ലന്റ് പാപ്പരത്തത്തിന്റെ വക്കില്‍ നിന്നു രക്ഷപെട്ടത്. യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ച 67.5 ബില്യണ്‍ യൂറോയുടെ രക്ഷാവായ്പ ഉപയോഗിച്ചാണ് അവര്‍ കരകയറിയത്. മാന്ദ്യത്തിലകപ്പെട്ട രാജ്യങ്ങളില്‍ ആദ്യമായി സ്വന്തം കാലില്‍ നിന്ന യൂറോപ്യന്‍ രാജ്യവും അയര്‍ലന്റ് തന്നെ. എന്നാല്‍ ഇതിനു വേണ്ടി യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ കേന്ദ്രബാങ്ക്, അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്) തുടങ്ങിയ സ്ഥാപനങ്ങള്‍ മുമ്പോട്ടുവെച്ച വ്യവസ്ഥകള്‍ പാലിച്ച് പൊതുമേഖലാജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതു പോലുള്ള കടുത്ത നടപടികളെടുക്കേണ്ടി വന്നു അവര്‍ക്ക്. ഈ സമയത്തെ ധനകാര്യമന്ത്രി മൈക്കിള്‍ നൂനാന്‍ ആഡംബരങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന ചെലവുചുരുക്കല്‍ നയങ്ങള്‍ പ്രഖ്യാപിച്ചു. കൂനിന്മേല്‍ കുരുവെന്നതു പോലെ മറ്റൊരു തകര്‍ച്ച ഉണ്ടാകുന്നതു തടയുന്നതിനാണ് അദ്ദേഹം ഇത്തരമൊരു നടപടി സ്വീകരിച്ചത്. 19-ാം നൂറ്റാണ്ടില്‍ നേരിട്ട ഭക്ഷ്യക്ഷാമത്തിനു ശേഷം രാജ്യത്തുണ്ടായ ഏറ്റവും വഷളായ സാഹചര്യമെന്നാണ് അദ്ദേഹം മാന്ദ്യത്തെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ കാലങ്ങളില്‍ അയര്‍ലന്റിനെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ലോകത്തിലെ അഞ്ചു മുഖ്യഇടങ്ങളിലൊന്നായി തെരഞ്ഞെടുത്തി നൈറ്റ് ഫ്രാങ്ക് ഗ്ലോബല്‍ പ്രോപ്പര്‍ട്ടീസിന്റെ ഇപ്പോഴത്തെ റിപ്പോര്‍ട്ട് നൂനാനില്‍ അസ്വസ്ഥത സൃഷ്ടിച്ചേക്കാം. ഡബ്ലിനിലെ ചില മേഖലകളിലെ സ്ഥലവില 2007-ല്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ നിരക്കിനോട് അടുത്താണ്. ഗാര്‍ഹിക വരുമാനത്തിലും തൊഴിലവസരത്തിലും വര്‍ധനവുണ്ടായിട്ടും 10 വര്‍ഷത്തിനിടെ ഭവനനിര്‍മാണത്തില്‍ കണ്ടുവരുന്ന കുറവ് വീട്ടുവാടകയില്‍ കുതിപ്പു സൃഷ്ടിച്ചിട്ടുണ്ട്. 2012-ല്‍ 1.8 മില്യണ്‍ തൊഴിലവസരങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2017-ല്‍ അത് 2.1 മില്യണായിരിക്കുന്നു. തൊഴില്‍ ചെയ്യുന്ന ചെറുപ്പക്കാര്‍ക്ക് ഈ അവസരം വേണ്ടവിധത്തില്‍ ഉപയോഗിക്കാനാകുന്നില്ല. അതേസമയം രാജ്യത്തുടനീളം ഭവനരഹിതരുടെ ആധിക്യം വലിയ പ്രശ്നമായി അവശേഷിക്കുകയും ചെയ്യുന്നു. ചില മേഖലകളില്‍ നെഗറ്റീവ് ഇക്വിറ്റിയും മോര്‍ട്ട്ഗേജ് അരിയേഴ്സും മാന്ദ്യത്തിന്റെ മുറിപ്പാടുകളായി കാണപ്പെടുകയും ചെയ്യുന്നു. ജനസംഖ്യയുടെ എട്ടു ശതമാനവും കടുത്ത ദാരിദ്ര്യത്തിലാണു കഴിയുന്നത്. ഭവനവായ്പകളുടെ ഏഴുശതമാനവും മൂന്നു മാസത്തെ കുടിശികവരുത്തുകയും ചെയ്തിരിക്കുന്നു. ഇത് അയര്‍ലന്റിനെ തിരിച്ചെടുക്കാനാകാത്തവിധം ഒരു വിഭജിതരാജ്യമാക്കിയിരിക്കുന്നു. ഈയിടെ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 52 ശതമാനം പേര്‍ ഭരണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ചത് 37 ശതമാനം പേര്‍ മാത്രമാണ്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: