യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കപ്പെടുമ്പോള്‍ മലയാളി കുടുംബങ്ങള്‍ക്കും ആശ്വസിക്കാം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കുറഞ്ഞ വരുമാനക്കാര്‍ നല്‍കേണ്ട യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കാന്‍ ഫൈന്‍ ഗെയ്ല്‍ തയ്യാറാകണമെന്ന് ഫിയാന ഫോള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു. ശരാശരി വരുമാനക്കരെ യു.എസ്.സി യില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ പ്രസ്താവന ഇറക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായും തിരഞ്ഞെടുക്കപ്പെട്ട ശേഷവും വരേദ്കര്‍ യു.എസ്.സി നിര്‍ത്തലാക്കുമെന്ന് പ്രസ്താവിച്ചിരുന്നു.

2011 മുതല്‍ ആരംഭിച്ച യു.എസ്.സി അനുസരിച്ച് താഴ്ന്ന വരുമാനം ലഭിക്കുന്നവര്‍ വരുമാനത്തിന്റെ ഒരു പങ്ക് സേവന മേഖലയിലേക്ക് നിക്ഷേപിക്കണം. 2012-ല്‍ വാര്‍ഷിക വരുമാനം 13,000 യൂറോയോ അതിനു മുകളിലോ ആണെങ്കില്‍ യു.എസ്.സി അടക്കേണ്ടതായി വന്നിരുന്നു. 2014-ല്‍ 10,036 യുറോക്ക് മുകളിലുള്ള വരുമാനക്കാരും 2015-ല്‍ 12,012 യുറോക്ക് മുകളിലുള്ളവരും യു.എസ്.സി നല്‍കേണ്ടി വന്നു.

യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജിന് ഒപ്പം തന്നെ ആരോഗ്യ മേഖലയിലും ഭവന മേഖലയിലും ഭരണകര്‍ത്താക്കള്‍ ശ്രദ്ധ ഊന്നണമെന്ന് മൈക്കിള്‍ മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ബഡ്ജറ്റില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കണ്ടെത്തി തളര്‍ന്ന കിടക്കുന്ന മേഖലകളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കണമെന്നനും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന വരുമാനക്കാരുടെ നികുതി വര്‍ധിപ്പിച്ച് യു.എസ്.സി ഇല്ലാതായാല്‍ ഐറിഷുകാര്‍ക്ക് മാത്രമല്ല അയര്‍ലണ്ടിലെ മലയാളികള്‍ക്കും അത് ഏറെ പ്രയോജനപ്രദമായിരിക്കും.

അയര്‍ലണ്ടിലെ 40 ശതമാനം വരുന്ന മലയാളികള്‍ ഇപ്പോള്‍ യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് നല്‍കുന്നവരാണ്. ഇത് ഇല്ലാതാവുന്നതോടെ ഇവരുടെ ജീവിത നിലവാരത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന് നിസംശയം പറയാം. കൂടി വരുന്ന വാടക നിരക്കുകള്‍, വസ്തു വില എന്നീ ഘടകങ്ങള്‍ അയര്‍ലന്‍ഡ് മലയാളികളുടെ ജീവിതത്തെയും സാരമായി ബാധിച്ചു തുടങ്ങി. ഈ സാഹചര്യത്തില്‍ യു.എസ്.സി കുറക്കാനുള്ള തീരുമാനം മലയാളികളെ സംബന്ധിച്ച് ഏറെ ഗുണകരമായ തീരുമാനമാണ്.

അയര്‍ലണ്ടിലെ നൂറു കണക്കിന് മലയാളി ഭര്‍ത്താക്കന്മാര്‍ അവരുടെ ഭാര്യമാരേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി നോക്കുന്നവരാണ്. അതുകൊണ്ട് തന്നെ യു.എസ്.സി ഇല്ലാതാവുന്നത് മലയാളികള്‍ക്ക് പ്രയോജനത്തെക്കാള്‍ ഉപരി ആശ്വാസകരവുമാണെന്ന് പറയാം.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: