യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ച് ഇറാനും റഷ്യയും നടപടികള്‍ക്കായി ഫേസ്ബുക്‌നെ സമീപിച്ചു…

2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടുകയെന്ന ഉദ്ദേശത്തോടെ ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും നടപടികള്‍ ഉണ്ടായെന്ന് ഫേസ്ബുക്ക്. റഷ്യന്‍ ട്രോള്‍ ഏജന്‍സിയായ ഐ.ആര്‍.എ (ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി) ഉള്‍പ്പടെയുള്ള സംഘങ്ങളുടെ നീക്കങ്ങളെ തടഞ്ഞുവെന്നും ഫേസ്ബുക്ക് അറിയിച്ചു. ഐഡന്റിറ്റിയും സ്ഥലവും ഫലപ്രദമായി മറച്ചുവെച്ചുകൊണ്ടാണ് അവര്‍ ഇടപെട്ടതെന്ന് ഫേസ്ബുക്കിന്റെ സൈബര്‍ സുരക്ഷ നയത്തിന്റെ തലവന്‍ നഥാനിയേല്‍ ഗ്ലീച്ചര്‍ പറഞ്ഞു. 50 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും 246,000 ഫോളോവേഴ്‌സ് ഉള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഉപയോഗിച്ച് നടത്തിയ കാംബയ്നിന്റെ ഭാഗമായി 75,000 പോസ്റ്റുകളാണ് അവര്‍ ചെയ്തതെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക് അനാലിസിസ് കമ്പനിയായ ഗ്രാഫിക്ക പറയുന്നു.

ഡൊണാള്‍ഡ് ട്രംപിന് അനുകൂലികള്‍, ബെര്‍ണിയെ അനുകൂലിക്കുന്നവര്‍, പോലീസിന്റെ ആക്രമങ്ങളെ എതിര്‍ക്കുന്നവര്‍, എല്‍ജിബിടിക്യു – ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്നവര്‍ തുടങ്ങി പല രാഷ്ട്രീയ ഐഡന്റിറ്റികളാണ് ഓരോ അക്കൗണ്ടും സ്വീകരിച്ചത്. മിക്ക പോസ്റ്റുകളും തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി വ്യക്തമായി ബന്ധപ്പെട്ടവയല്ല. എന്നാല്‍ പൊതുവായ രാഷ്ട്രീയ വ്യാഖ്യാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളവയുമാണ് എന്ന് ഗ്രാഫിക്ക വിലയിരുത്തുന്നു.

2016-ലെ യു.എസ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഐആര്‍എ ഉപയോഗിച്ച തന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്ന അതേ തന്ത്രങ്ങളാണ് ഇത്തവണയും ഉപയോഗിച്ചിരിക്കുന്നത്. രാഷ്ട്രീയ സംവാദം വിപുലമാക്കുന്നതിന്റെ ഭാഗമായി വിഷയത്തെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ച നടത്താന്‍ നിരവധി ഫേക്ക് അക്കൌണ്ടുകള്‍ ഉണ്ടാകും. അവര്‍ ചര്‍ച്ച കൊഴുപ്പിക്കുകയും മറ്റുള്ളവര്‍ ഏറ്റെടുക്കുകയും ചെയ്യും. ഇതാണ് ഐആര്‍എ-യുടെ രീതി.

ആധികാരിക അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ അതേപടി റീഷെയര്‍ ചെയ്തുകൊണ്ടാണ് അവര്‍ ചര്‍ച്ച കൊഴുപ്പിക്കുക. അതുവഴി വിദേശ ഇടപെടല്‍ മറച്ചുവയ്ക്കാം എന്നതാണ് പ്രത്യേകത. എന്നാല്‍ ചര്‍ച്ചകളിലെ ഭാഷാപരമായ പ്രത്യേകതകള്‍ മനസ്സിലാക്കിയാണ് റഷ്യന്‍ ഇടപെടലുകള്‍ അടക്കം തിരിച്ചറിയുന്നത്. മിക്ക പോസ്റ്റുകളും രാഷ്ട്രീയ പ്രശ്നങ്ങള്‍ ധ്രുവീകരിക്കുന്നതിലാണ് കേന്ദ്രീകരിച്ചിരുന്നതെങ്കിലും, ചിലത് 2020-ലെ തിരഞ്ഞെടുപ്പിനെ പ്രത്യേകമായി അഭിസംബോധന ചെയ്യുന്നതാണെന്ന് ഗ്രാഫിക്ക കണ്ടെത്തി.

വ്യാജ ‘ബ്ലാക്ക് ആക്ടിവിസ്റ്റ്’ അക്കൗണ്ടുകള്‍ പ്രാഥമികമായി സാന്റേഴ്സിനെ പിന്തുണച്ചുകൊണ്ടും സെനറ്റര്‍ കമല ഹാരിസിനെ എതിര്‍ത്തുകൊണ്ടും പോസ്റ്റ് ചെയ്യും. ചില ‘പുരോഗമന, യാഥാസ്ഥിതിക’ വ്യാജ അക്കൗണ്ടുകള്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനെ ആക്രമിക്കുന്നു. ബൈഡനെ ഇരുവശത്തുനിന്നും ആക്രമിക്കുന്നതില്‍ ആസൂത്രിതമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നുന്നുവെന്ന് ഗ്രാഫിക്കയുടെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബെന്‍ നിമ്മോ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: