യുവപ്രാതിനിധ്യം കൂട്ടാനുള്ള നടപടികളിലേയ്ക്ക് സിപിഎം നീങ്ങുന്നു

ന്യൂഡല്‍ഹി : പാര്‍ട്ടിയ്ക്ക് വയസാകുന്നുവെന്ന തുടര്‍ച്ചയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുവപ്രാതിനിധ്യം കൂട്ടാനുള്ള നടപടികളിലേയ്ക്ക് സിപിഎം നീങ്ങുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി കമ്മറ്റികളില്‍ അംഗമാകാന്‍ പ്രായപരിധി ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. നാല്‍പത് വയസിന് താഴെയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും 60 വയസിന് മുകളിലുള്ളവരെ കമ്മറ്റികളില്‍ പുതിയതായി ഉള്‍പ്പെടുത്തില്ലെന്നുമാണ് തീരുമാനം.
കമ്മറ്റികളില്‍ നിന്നും ഒഴിഞ്ഞു പോകാനുള്ള പ്രായം 80 വയസായി തിട്ടപ്പെടുത്തിയിരുന്നുവെങ്കിലും കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള പരമാവധി പ്രായം നിര്‍ണ്ണയിച്ചിരുന്നില്ല.

പശ്ചിമബംഗാളില്‍ ഇത് നടപ്പാക്കിയിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 60 വയസിന് മുകളിലുള്ളവരെ പുതിയതായി ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്തില്‍ കേന്ദ്ര നേതൃത്വം എത്തിയിരിക്കുന്നത്. മതചടങ്ങുകളോട് പ്രയോഗിക സമീപനം വേണമെന്നും ആഘോഷങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന പ്ലീനത്തിലുള്ള സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.

Share this news

Leave a Reply

%d bloggers like this: