യുണൈറ്റഡ് അയര്‍ലന്‍ഡ് ഭീതി: വടക്കന്‍ അയര്‍ലണ്ടില്‍ അബോര്‍ഷന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

ബെല്‍ഫാസ്റ്റ്: അബോര്‍ഷന്‍ നിയന്ത്രണം എടുത്തുകളയാന്‍ സമ്മര്‍ദ്ദമേറുമ്പോള്‍ വടക്കന്‍ അയര്‍ലണ്ടില്‍ ആര്‍ലീന്‍ ഫോസ്റ്റര്‍ ഭരണകൂടം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. എം.പി മാരുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തുകൊണ്ടാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. സ്വവര്‍ഗ്ഗവിവാഹം, അബോര്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ വടക്കന്‍ ജനത തെരുവിലിറങ്ങിയതോടെ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ഏറിവരികയാണ്. വടക്കന്‍ അയര്‍ലണ്ടില്‍ 1861 -ലെ ഗര്‍ഭച്ഛിദ്ര നിരോധന നിയമങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുമോ എന്ന നിയമവശമാണ് പരിശോധിച്ച് വരുന്നത്.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട് ലാന്‍ഡ് എന്നിവിടങ്ങളില്‍ ഗര്‍ഭചിദ്രം നിയമവിധേയമാകുമ്പോള്‍ വടക്കത്തിന് മാത്രം നിരോധനം കൊണ്ടുവന്നതിനെതിരെ ആദ്യകാലങ്ങളിലും ഇവിടെ പ്രതിഷേധങ്ങള്‍ ഉടലെടുത്തിരുന്നു. ഗര്‍ഭചിദ്രം നിയമവിധേയമല്ലാതിരുന്ന തെക്കന്‍ അയര്‍ലണ്ടില്‍ അടുത്തിടെ നടന്ന ഹിതപരിശോധനാ ഫലങ്ങളാണ് വടക്കന്‍ അയര്‍ലണ്ടുകാരെ വീണ്ടും സമര രംഗത്തേക്ക് ഇറക്കിയത്.

വടക്കന്‍ ജനതക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സിന്‍ഫിന്‍ പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു. മാത്രമല്ല വടക്കന്‍ ജനത തെക്കന്‍ അയര്‍ലണ്ടിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന കാര്യത്തില്‍ ഹിതപരിശോധന ആവശ്യപ്പെട്ട് പാര്‍ട്ടി രംഗത്ത് എത്തുകയും ചെയ്തു. നിയമവിധേയമല്ലാത്ത പ്രധാന വിഷയങ്ങളില്‍ വടക്കന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ വടക്ക് -തെക്കിനൊപ്പം നില്‍ക്കുമോ എന്ന ഭയവും ഇപ്പോള്‍ ആര്‍ലീന്‍ ഫോസ്റ്റര്‍ സര്‍ക്കാരിനെ വേട്ടയാടുന്നുണ്ട്.

യുണൈറ്റഡ് അയര്‍ലണ്ടിലേക്ക് എത്തുന്നതിന് മുന്‍പ് ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ ഇല്ലാതാക്കുന്നതായിരിക്കും അനുചിതമെന്നും എം.പിമാര്‍ക്കിടയിലും അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്ന ഫോസ്റ്ററിന്റെ പാര്‍ട്ടി ഇപ്പോള്‍ തിരിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും രാഷ്ട്രീയ ഉപദേശകര്‍ ആര്‍ലിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തെരേസ മേയും ഇത്തരം ഒരു നിലപാടിലേക്ക് തന്നെ മാറിയേക്കുമെന്നാണ് സൂചനകള്‍. യുണൈറ്റഡ് അയര്‍ലന്‍ഡ് എന്ന ലക്ഷ്യത്തെ ഏതുവിധേനയും തടയാന്‍ വടക്കന്‍ സര്‍ക്കാര്‍ ശക്തമായ കരുക്കള്‍ നീക്കാനാണ് സാധ്യത.

 

ഡികെ

Share this news

Leave a Reply

%d bloggers like this: