യുഡിഎഫിന്റെ വോട്ടഭ്യര്‍ത്ഥനാ നോട്ടീസില്‍ ധനമന്ത്രി കെഎം മാണിയുടെ പേരില്ല

തിരുവനന്തപുരം: അരുവിക്കരയില്‍ യുഡിഎഫിന്റെ വോട്ടഭ്യര്‍ത്ഥനാ നോട്ടീസില്‍ ധനമന്ത്രി കെഎം മാണിയുടെ പേരില്ല. യുഡിഎഫിലെ എല്ലാ പാര്‍ട്ടികളുടേയും അധ്യക്ഷന്മാരുടെ പേരുള്ള നോട്ടീസില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ചേര്‍ത്തത് ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസിന്റെ പേരാണ്. എന്നാല്‍ മന്ത്രിമാരുടെ പേര് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും യുഡിഎഫ് വിശദീകരിച്ചു.

ബാര്‍കോഴ ഇടതുമുന്നണിയും ബിജെപിയും പിസി ജോര്‍ജ്ജും പ്രധാന പ്രചാരണ ആയുധമാക്കുമ്പോഴാണ് യുഡിഎഫിന്റെ വോട്ടഭ്യര്‍ത്ഥനയില്‍ മാണിയുടെ പേരില്ലാത്തത്. ശബരീനാഥന് വോട്ട് തേടുന്ന നോട്ടീസില്‍ കെപിസിസി പ്രസിഡണ്ടിന്റെയും പാണക്കാട് തങ്ങളുടേയും വീരേന്ദ്രകുമാറിന്റെയും എ എ അസീസിന്റേയും ജോണി നെല്ലൂരിന്റെയും സിപി ജോണിന്റെയും എഎന്‍ രാജന്‍ബാബുവിന്റേയും പേരുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ചേര്‍ത്തത് ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസിന്റെ പേര്. മാണിയുടെ പേരൊഴിവാക്കിയതും എതിരാളികള്‍ പ്രാചരണത്തില്‍ ഉപയോഗിക്കുന്നു.

ബുധനാഴ്ച എ കെ ആന്റണിക്കൊപ്പം കെ എം മാണി അരുവിക്കരയില്‍ പ്രചാരണം നടത്തുമെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചു. മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിന് ശേഷം മാണിയെ അരുവിക്കരയില്‍ കാണാതിരുന്നതു വിവാദമായിരുന്നു. മാണി വന്നാല്‍ ചെലവ് തെരാമെന്ന് പിസി ജോര്‍ജ് വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞദിവസം കെ എം മാണിയും പാര്‍ട്ടി നേതാക്കളും നിരവധി കുടുംബയോഗങ്ങളില്‍ പങ്കെടുത്തിരുന്നു

Share this news

Leave a Reply

%d bloggers like this: