യുകെ പാര്‍ലമെന്റ് ഗേറ്റിലേക്ക് കാറിടിച്ചു കയറ്റി; ഭീകരാക്രമണമെന്ന് സംശയം

ലണ്ടനിലെ യുകെ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഗേറ്റിലേക്ക് കാറിടിച്ചു കയറ്റി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി ലണ്ടന്‍ മെട്രോപോളിറ്റന്‍ പൊലീസ് അറിയിച്ചു. കാറോടിച്ചിരുന്ന 30 വയസ്സിനോടടുത്ത് പ്രായമുള്ളയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഭീകരബന്ധമുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്. ഗേറ്റില്‍ ഇടിക്കുന്ന സമയത്തില്‍ കാറില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയുധങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. മെട്രോപോളിറ്റന്‍ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്. രണ്ടുപേരെ സംഭവസ്ഥലത്തു വെച്ചുതന്നെ പ്രാഥമിക ചികിത്സകള്‍ നല്‍കി ആശുപത്രിയിലെത്തിച്ചതായി അറിയാന്‍ കഴിഞ്ഞു. ഇവരുടെ പരിക്കുകള്‍ അത്ര സാരമുള്ളതല്ല.

അതിവേഗതയിലാണ് കാര്‍ പാര്‍ലമെന്റ് ഗേറ്റില്‍ വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പലതവണ ലേന്‍ തെറ്റിച്ചാണ് കാര്‍ പാര്‍ലമെന്റ് ഗേറ്റിനടുത്തെത്തുന്നതെന്ന് കാണാം. ഗേറ്റിനടുത്തുള്ള ബാരിയറില്‍ ഇടിക്കുന്നതിനു മുമ്പ് ആക്‌സിലറേറ്റ് ചെയ്യുന്നതായും കാണാം.

2017 മാര്‍ച്ചില്‍ ഖാലിദ് മുഹമ്മദ് എന്ന 52 കാരന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിനു സമീപം നാലു പേരെ കൊലപ്പെടുത്തിയ ശേഷം പാര്‍ലമെന്റ് മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തിയിരുന്നു. ഇയാളെ പോലീസ് വെടിവെച്ചു കൊല്ലുകയുംചെയ്തു. കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ അഞ്ച് ഭീകരാക്രമണങ്ങളില്‍ ആദ്യത്തേയായിരുന്നു ഇത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: