യുകെയില്‍ സ്‌കൂളില്‍ നിന്നും മടങ്ങിയ മലയാളി പിതാവിനേയും മകളേയും കാര്‍ ഇടിച്ചുവീഴ്ത്തി..! പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

യുകെ മലയാളി സമൂഹം ഒന്നാകെ നടുക്കത്തോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്. സ്‌കൂളില്‍ നിന്നും മകളേയും വിളിച്ച് മടങ്ങുകയായിരുന്ന കൂടല്ലൂര്‍ സ്വദേശിയുടെയും മകളുടേയും ദേഹത്തേക്ക് നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു.മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ സെന്റ് ജോണ്‍ സ്‌കൂളിനു സമീപം ഇന്നലെ വൈകിട്ട് 4.35 ഓടെയായിരുന്നു ദാരുണ സംഭവം. കൂടല്ലൂര്‍ സ്വദേശി പോള്‍ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. മകള്‍ക്കും പരുക്കേറ്റു. ഇവര്‍ക്കൊപ്പം തദ്ദേശ വാസിയായ ഒരു സ്ത്രീയ്ക്കും മറ്റൊരു കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല.

അപകടമുണ്ടാക്കിയ കിയ പികാന്റൊ കാര്‍ അതിവേഗതയില്‍ പാഞ്ഞുവരികയായിരുന്നുവെന്ന് ദൃസ്സാക്ഷികള്‍ പറഞ്ഞു. പോളും മകളും അടക്കമുള്ള കാല്‍നട യാത്രക്കാര്‍ സിഗ്നല്‍ നോക്കി റോഡ് ക്രോസ്സ് ചെയ്യുമ്പോഴായിരുന്നു അപകടം. ആളുകള്‍ അറിയിച്ചതനുസരിച്ച് എയര്‍ ആംബുലന്‍സും പാരാമെഡിക്കുകളും പോലീസും ഉടന്തന്നെ സ്ഥലത്തെത്തി. എയര്‍ ആംബുലന്‍സ് സഹായത്തോടെ പോളിനേയും മകളേയും സാല്‍ഫോഡ് ഹോപ്പ് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയിലെ ഇന്റന്‍സീവില്‍ കഴിയുന്ന പോളിന്റെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. 10 വയസ്സുള്ള മകള്‍ ആഞ്ചലാ അപകടനില തരണംചെയ്തുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആഞ്ചലോയെ വിഥിന്‍ഷൊ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവര്‍ക്കൊപ്പം അപകടം സംഭവിച്ച തദ്ദേശവാസിയായ സ്ത്രീയും അവരുടെ 2 വയസ്സുള്ള കുട്ടിയും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകട വിവരമറിഞ്ഞ് മാഞ്ചസ്റ്ററിലെ സാമൂഹിക രഗത്തെ മുഴുവന്‍ മലയാളികളും ഹോസ്പിറ്റലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

വിഥിന്‍ഷോയില്‍ തിരക്കേറിയ ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. അതിവേഗതയില്‍ വന്നകാര്‍ നിയന്ത്രണം വിട്ട നിലയില്‍ ആയിരുന്നുവെന്നും പറയുന്നു. ഈ ഭാഗത്തേക്കുള്ള ഗതാഗതവും ഇതുമൂലം പോലീസ് മണിക്കൂറുകളോളം നിര്‍ത്തിവച്ചു.കിടങ്ങൂര്‍ കൂടല്ലൂര്‍ വല്ലാത്ത് പാടത്ത് കുടുംബാഗമാണ് പോള്‍ ജോണ്‍. ഭാര്യ മിനി നഴ്‌സായി ജോലി ചെയ്യുന്നു. പോളിന് രണ്ടു കുട്ടികളാണുള്ളത്. അതില്‍ മൂത്തകുട്ടിയാണ് അപകടം സമയം കൂടെയുണ്ടായിരുന്ന ആഞ്ചെലൊ.

പോളിന്റെ അവസ്ഥ ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പോളിന്റെ മസ്തിഷ്‌കത്തില്‍ നിന്നൂം രക്തം വാര്‍ന്നിരുന്നൂ. കാറിടിച്ചപ്പോള്‍ തലയില്‍ സാരമായ പരുക്കേല്‍ക്കുകയായിരുന്നു. രക്തസ്രാവം നിലക്കാത്തതിനാല്‍ ഉടനെ ശാസ്ത്രക്രിയ ചെയ്യുവാനും കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പോളിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാ മലയാളികളുടേയും പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ഥിക്കുന്നതായ് അറിയിച്ചു. വിഥിന്‍ഷോയിലെ മലയാളി കൂട്ടായ്മകളില്‍ പോളിന്റെയും മകളുടേയും അപകടത്തില്‍പ്പെട്ട മറ്റുള്ളവരുടേയും സൗഖ്യത്തിനായ് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. യുകെ മലയാളി സമൂഹം ഒന്നാകെ ഇപ്പോള്‍ ഇവരുടെ സൗഖ്യത്തിനായ് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: