യുകെയിലെ ബുര്‍ഖ വിവാദം; മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണിനെതിരേ കേസെടുക്കില്ലെന്ന് പോലീസ്

ലണ്ടന്‍: ബുര്‍ഖ ധരിച്ച സ്ത്രീകള്‍ തപാല്‍പ്പെട്ടികളെയും ബാങ്ക് കൊള്ളക്കാരെയും പോലെയാണെന്ന പരാമര്‍ശം നടത്തിയ ബ്രിട്ടനിലെ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണിനെതിരേ കേസ് എടുക്കേണ്ട സാഹചര്യമില്ലെന്ന് മെട്രോപ്പൊലിറ്റന്‍ പോലീസ് കമ്മീഷണര്‍ കസിഡ് പാര്‍ക്ക്. ബോറിസിന്റെ പരാമര്‍ശങ്ങള്‍ വിദ്വേഷ പ്രചാരണത്തിന്റെ പരിധിയില്‍ വരില്ലെന്നും അദ്ദേഹത്തിനെതിരേ കേസെടുത്ത് അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും മെട്രോപ്പൊലിറ്റന്‍ പോലീസ് കമ്മീഷണര്‍ കസിഡ് പാര്‍ക്ക് പറഞ്ഞു. പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബോറിസ് ജോണ്‍സണ് വലിയ ആശ്വാസമാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ ഉറപ്പ്.

ബോറിസ് ജോണ്‍സണിന്റെ പ്രസ്താവന പലരെയും വേദനിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് തനിക്കറിയാമെന്ന് കസിഡ് പറഞ്ഞു. എന്നാല്‍, ഈ പരാമര്‍ശം നടത്താനുണ്ടായ സാഹചര്യവും അതിലൂടെ അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങളും പരിഗണിക്കുമ്പോള്‍ ഇത് വിദ്വേഷ പ്രചാരണത്തിന്റെ പരിധിയില്‍ വരില്ല. ഇക്കാര്യം താന്‍ മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അവരുടെയെല്ലാം ഉപദേശം തല്‍ക്കാലം നിയമനടപടിയൊന്നും വേണ്ട എന്നതാണെന്നും കസിഡ് പറഞ്ഞു.

മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണിനെതിരേ അന്വേഷിക്കാനുള്ള നീക്കം അദ്ദേഹത്തെ ഒതുക്കാനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ തന്ത്രമാണെന്ന ആരോപണം ഇതോടെ ശക്തമായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്നെ ബോറിസ് ജോണ്‍സണിനോട് അടുപ്പമുള്ളവരാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. അന്വേഷണത്തിനൊടുവില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്നുതന്നെ ബോറിസ് പുറത്താക്കപ്പെടാനിടയുണ്ട്. തനിക്ക് ഭീഷണിയായി വളര്‍ന്നുവന്ന ബോറിസിനെ ഒതുക്കുകയാണ് ഇതിലൂടെ തെരേസ ലക്ഷ്യമിടുന്നതെന്നും ആരോപിക്കപ്പെടുന്നു.

ബോറിസ് ജോണ്‍സണ്‍ മുസ്ലീം സ്ത്രീകളെ അപമാനിച്ചുവെന്ന ആക്ഷേപമുയര്‍ന്നതിനെത്തുടര്‍ന്ന് ധാരാളം പരാതികള്‍ ലഭിച്ചുവെന്നും അന്വേഷണം നടത്തുകയല്ലാതെ പോംവഴിയില്ലെന്നും പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നു. എന്നാല്‍, പ്രധാനമന്ത്രി സ്ഥാനത്ത് തനിക്കൊരു എതിരാളിയായി തെരേസ കാണുന്നത് ബോറിസിനെയാണെന്നതിനാല്‍, മനപ്പൂര്‍വം അന്വേഷണം ആരംഭിച്ചതാണെന്ന് എതിര്‍ഭാഗവും വാദിക്കുന്നു. രാഷ്ടീയ പ്രേരിതമായ അന്വേഷണമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ടോറി എംപി ആന്‍ഡ്രൂ ബിഡന്‍ പറഞ്ഞു.

ശിരോവസ്ത്രത്തെയോ ബുര്‍ഖയെയോ കുറിച്ച് ടോറി എംപിമാര്‍ പരാമര്‍ശം നടത്തുന്നത് ഇതാദ്യമല്ലെന്ന് ബിഡന്‍ പറഞ്ഞു. 2013-ല്‍ കെന്‍ ക്ലാര്‍ക്ക് സമാനമായ ആരോപണം നേരിട്ടിരുന്നു. എന്നാല്‍, അന്നൊന്നും ടോറി അച്ചടക്കസമിതി ചേരുകയോ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിയമം അനുസരിച്ച് അച്ചടക്കസെമിതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍, ബോറിസിനെതിരേ എന്തു നടപടി വേണമെന്ന് പ്രധാനമന്ത്രി തെരേസയ്ക്ക് തീരുമാനിക്കാനാവും. പാര്‍ട്ടിയില്‍നിന്നുതന്നെ പുറത്താക്കാനും ഈ അവസരം ഉപയോഗിക്കാനാകും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: