യുഎസ് വിസാ നിയന്ത്രണം തുടരും; യോഗ്യതയുള്ള ഇന്ത്യക്കാര്‍ക്ക് സ്വാഗതം

യോഗ്യരായ ഇന്ത്യക്കാരെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുന്നതായും എന്നാല്‍ എച്ച്.1 ബി വിസാ ചട്ടത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരുമെന്നും യുഎസ് കോണ്‍സല്‍ ജനറല്‍ എഡ്ഗാര്‍ഡ് കേഗന്‍. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നും കേഗന്‍ വ്യക്തമാക്കി.

യോഗ്യരായ ആളുകളെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുന്ന നയം തങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് യാത്രചെയ്ത ഇന്ത്യക്കാരുടെ എണ്ണത്തിലെ വര്‍ധനവും കേഗന്‍ ഉയര്‍ത്തികാട്ടി. തങ്ങളെ യുഎസ് സ്വാഗതം ചെയ്യുന്നുവെന്നത് ഇന്ത്യക്കാര്‍ക്ക് ബോധ്യമുണ്ടെന്നതിന്റെ തെളിവായാണ് എണ്ണത്തിലുണ്ടായ വര്‍ധവ് കാണിക്കുന്നതെന്നാണ് കേഗന്റെ അഭിപ്രായം.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി യു.എസ് തിരഞ്ഞെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും യുഎസ് കോണ്‍സല്‍ ജനറല്‍ പറയുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയിലും അവിടുത്തെ വിദ്യാര്‍ഥികള്‍ ഇന്ത്യയിലും പഠിക്കാനെത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് സഹായിക്കുമെന്നും കേഗന്‍ പറയുന്നു.

യുഎസിലുള്ള ഇന്ത്യക്കാര്‍ക്ക് നിരവധി അവസരങ്ങളാണ് ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാരെ കൂടുതല്‍ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ രാജ്യത്തിന് ബോധ്യമുണ്ടെന്നും കേഗന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും നിക്ഷേപം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും അമേരിക്കന്‍ നിലപാടുകള്‍ അദ്ദേഹം വിശദീകരിച്ചു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: