യുഎസ് വിമാനത്താവളങ്ങളില്‍ ബയോ മെട്രിക് സുരക്ഷാ സംവിധാനം വരുന്നു

വിമാനത്താവളങ്ങളില്‍ ബയോ മെട്രിക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികളുമായി അമേരിക്ക. യുഎസ് വിസയുള്ള യാത്രക്കാരുടെയെല്ലാം മുഖം യാത്രയ്ക്ക് മുമ്പായി ഫോട്ടോയെടുക്കുകയാണ് ആദ്യ ശ്രമം. അപ്പോള്‍തന്നെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തും. അമേരിക്കയ്ക്ക് പുറത്തേക്ക് പോകുന്ന എല്ലാവരുടേയും ചിത്രങ്ങള്‍ ഇങ്ങനെ എടുത്ത് പരിശോധിക്കാനാണ് തീരുമാനം.

വിമാനത്താവളങ്ങളില്‍ വെച്ച് വിമാനം പുറപ്പെടുന്നതിന് മുമ്പായാണ് യാത്രക്കാരുടെ ചിത്രങ്ങളെടുക്കുക. ഈ ചിത്രം യാത്രക്കാരുടെ പാസ്പോര്‍ട്ടിലെയും വിസ അപേക്ഷയിലേയും ചിത്രവുമായി താരതമ്യപ്പെടുത്തി നോക്കും. എന്തെങ്കിലും അപാകത ശ്രദ്ധയില്‍ പെട്ടാല്‍ യാത്രക്കാര്‍ നിയമവിരുദ്ധമായാണ് അമേരിക്കയില്‍ എത്തിയതെന്ന് തെളിയുമെന്നാണ് അധികൃതരുടെ വിശദീകരണം.

നിലവില്‍ ഇത്തരത്തില്‍ ബയോമെട്രിക് എക്സിറ്റ് അമേരിക്കയിലെ ഒരു വിമാന സര്‍വീസില്‍ ഉപയോഗിക്കുന്നുണ്ട്. അറ്റ്ലാറ്റ ടോക്യോ വിമാനത്തിലാണ് ഇത് പരീക്ഷിക്കുന്നത്. ട്രംപ് ഭരണകൂടം കുടിയേറ്റത്തിനെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌ക്കാരം ഏര്‍പ്പെടുത്തുന്നത്. വേനലിന് മുമ്പ് കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് അമേരിക്കന്‍ വ്യോമയാന വകുപ്പിന്റെ ശ്രമം.

നിലവില്‍ അമേരിക്കയില്‍ നിന്നും പുറത്തേക്ക് പോകുന്നയാള്‍ നേരത്തെ നല്‍കിയ പാസ്പോര്‍ട്ട് അല്ലെങ്കില്‍ വിസയിലെ ബയോമെട്രിക് വിവരവുമായി ഒത്തു നോക്കാനുള്ള സംവിധാനങ്ങള്‍ ഒന്നുമില്ല. ഈ കുറവ് പരിഹരിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. അതേസമയം, ഈ സംവിധാനത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത്തരത്തില്‍ രാജ്യം വിടരുതെന്ന് കരുതുന്നവരെ പ്രത്യേകമായി തിരയുന്നതിന് പകരം എല്ലാവരേയും നിരീക്ഷണത്തില്‍ നിര്‍ത്തുന്നതിനെതിരെയാണ് വിമര്‍ശനങ്ങളുയരുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: